ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പിന്നിട്ടു

To advertise here,

നീലേശ്വരം : ഉദ്ഘാടനം കഴിഞ്ഞ് വർഷമൊന്നുകഴിഞ്ഞിട്ടും വിപണനകേന്ദ്രം തുറന്നില്ല. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ 60 ലക്ഷത്തിലേറെ രൂപ ചെലവിട്ട് കരുവാച്ചേരിയിൽ പണിത വനിതാ വിപണനകേന്ദ്രമാണ് പുതുമോടിയിൽ നോക്കുകുത്തിയായി നിൽക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ തനതുവരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഭരണസമിതിയാണ് കരുവാച്ചേരിയിൽ വിപണനകേന്ദ്രം പണിതത്.

പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ കരുവാച്ചേരിയിൽ അനാഥമായി കിടന്നിരുന്ന 20 സെന്റ് വരുന്ന സ്ഥലം കണ്ടെത്തിയാണ് പദ്ധതി തയ്യാറാക്കിയത്. രണ്ട് വാർഷികപദ്ധതികളിൽനിന്നുള്ള തുകയും ചെലവിട്ടാണ് ഇവിടെ സുസജ്ജമായ കെട്ടിടം ഒരുക്കിയത്. മുകൾനിലയിൽ വിശാലമായ ഹാളും അടുക്കളയും താഴത്തെ നിലയിൽ സൗകര്യപ്രദമായ പാർക്കിങ്ങും ഒരുക്കിയാണ് കെട്ടിടം പണിതൊരുക്കിയത്. തൊട്ടുമുന്നിൽ കിണറും ടെറസിൽ ജലസംഭരണിയും ഉൾപ്പെടെ സ്ഥാപിച്ചശേഷമായിരുന്നു ഉദ്ഘാടനം. അന്നത്തെ മന്ത്രി എ.കെ. ശശീന്ദ്രനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.

അപ്പോഴേക്കും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെയും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പ്രഖ്യാപനവും പെരുമാറ്റച്ചട്ടങ്ങളും തിരക്കുമെല്ലാം വന്നു. കെട്ടിടം ടെൻഡർ വിളിച്ച് കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകി ദേശീയപാതയോരത്ത് നല്ലൊരു ഹോട്ടൽ തുടങ്ങുകയും ബ്ലോക്ക് പഞ്ചായത്തിന് വാടകവരുമാനം ഉറപ്പുവരുത്താനും ഉതകുംവിധമായിരുന്നു പദ്ധതി. എന്നാൽ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ ഭരണസമിതി അധികാരമേറ്റിട്ടും കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്.

നീലേശ്വരം പേരോൽ, ബ്ലോക്ക് ആസ്ഥാനമായ പുത്തരിയടുക്കം, തൃക്കരിപ്പൂർ പഞ്ചായത്തിലെ കൊയങ്കര എന്നിവിടങ്ങളിലും കഴിഞ്ഞ ഭരണസമിതി വനിതാവിപണന കേന്ദ്രങ്ങൾ പണിതിരുന്നു. ഇവിടങ്ങളിലെല്ലാം മികച്ചരീതിയിൽതന്നെ ഇവ പ്രവർത്തിച്ചുവരുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിന് കൃത്യമായി വാടകവരുമാനവും വരുന്നുണ്ട്. ഇവയെക്കാളും വിപണനസാധ്യതയുള്ള കെട്ടിടമാണ് ദേശീയപാതയോട് ചേർന്ന് അനാഥമായി നിൽക്കുന്നത്.