കാരിക്കോട് : മികച്ച വോളിബോൾ താരവും, കായികാധ്യാപകനുമായ കാരിക്കോട് ആകശാലയിൽ റോബിൻ ചാക്കോ ഇനി ഓർമ്മ. സ്വന്തം തട്ടകമായ മുളക്കുളം വോളിബോൾ സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ എട്ടോടെ വോളിബോൾ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം തോന്നിയപ്പോൾ സഹകളിക്കാർ ഉടൻ തന്നെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 52 വയസ്സായിരുന്നു.

To advertise here,

 

റിട്ട. പോലീസ് ഓഫീസറും വോളിബോൾ താരവുമായിരുന്ന പരേതനായ എ.പി. ചാക്കോയുടെ മകനാണ് റോബിൻ. അച്ഛനിൽനിന്ന് പകർന്നുകിട്ടിയ കായിക ആവേശം ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച വ്യക്തി. വെള്ളൂർ കുഞ്ഞിരാമൻ മെമ്മോറിയൽ ഹൈസ്കൂളിലെ മുൻ കായികാധ്യാപകനും, നിലവിൽ വെള്ളൂർ ഭവൻസ് ന്യൂസ്‌പ്രിന്റ് വിദ്യാലയത്തിലെ കായികാധ്യാപകനുമായിരുന്നു. റോബിന്റെ ശിക്ഷണത്തിൽ ഭവൻസിലെ കുട്ടികൾ അനവധി സമ്മാനങ്ങൾ കരസ്ഥമാക്കി. ഒട്ടനവധി വിദ്യാർഥികൾക്ക് കായികലോകത്തേക്കുള്ള വഴികാട്ടിയായി.

 

കുറേക്കാലം വിദേശത്ത് ജോലിചെയ്തശേഷം സ്വന്തം നാടായ കാരിക്കോട് തിരിച്ചെത്തിയ റോബിൻ, തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപം ടേക്ക് ഓഫ് സ്‌പോർട്സ് എന്ന സ്പോർട്സ് ഷോപ്പും ജിംനേഷ്യവും ആരംഭിച്ചു. നാട്ടിൽ കായികരംഗത്ത് ഒട്ടനവധി പ്രതിഭകളെ വളർത്തിയെടുക്കാൻ മികച്ച പ്രോത്സാഹനമാണ് അദ്ദേഹം നൽകിവന്നിരുന്നത്.

 

1995-ലും 1996-ലും സംസ്ഥാന ഇന്റർ കൊളീജിയറ്റ് മീറ്റിൽ ഹൈജമ്പിൽ സ്വർണമെഡൽ നേടിയ മുൻ കേരള യൂണിവേഴ്സിറ്റി താരമായിരുന്നു അദ്ദേഹം. ഇന്റർ വാഴ്സിറ്റി മീറ്റിനിടെ പരിക്കേറ്റതോടെ അത്ലറ്റിക്സിനോട് വിട പറഞ്ഞു. പിന്നീട് വോളിബോളിലേക്കും ഹൈജമ്പിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചു.

2025-ൽ നാഷണൽ മാസ്റ്റേഴ്സ് മത്സരത്തിൽ ഹൈജമ്പ് ഗോൾഡ് മെഡൽ ജേതാവായി. 2025 ജനുവരിയിൽ തൃപ്രയാറിൽ ലെജൻഡ്സ് വോളി കേരള സംഘടിപ്പിച്ച ലെജൻഡ്സ് വോളി ഫെസ്റ്റിൽ, 50 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ തൃശ്ശൂർ വോളി ഫ്രണ്ട്സ് ജേതാക്കളായപ്പോൾ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മാസ്റ്റേഴ്സ് വോളിബോൾ മത്സരങ്ങളിൽ സജീവമായിരുന്നു. 2026-ൽ കോയമ്പത്തൂരിൽ വെച്ച് നടന്ന നാഷണൽ മാസ്റ്റേഴ്സ് വോളിബോൾ ടൂർണമെന്റിൽ റണ്ണറപ്പായ ജയഭാരത് മുളക്കുളത്തിന്റെ ക്യാപ്റ്റൻ റോബിനായിരുന്നു. തൊഴിൽ തേടി വിദേശവാസം നടത്തിയപ്പോഴും വോളിബോളിനോടുള്ള ആവേശം ഒട്ടും കുറഞ്ഞില്ല. ഓസ്ട്രേലിയയിലെ വോളിബോൾ സംഘടനയിൽ രജിസ്റ്റർ ചെയ്ത അഡ്‌ലെയ്ഡ് ഈഗിൾസ് എന്ന പ്രശസ്ത മലയാളി വോളിബോൾ ക്ലബ്ബിന്റെ തുടക്കത്തിന് പിന്നിൽ റോബിൻ ചാക്കോയുടെ നിർണായക നേതൃത്വമുണ്ടായിരുന്നു. താൻ സ്നേഹിച്ച വോളിബോൾ കോർട്ടിൽ തന്നെയായി അദ്ദേഹത്തിന്റെ അന്ത്യനിമിഷവും.