തലനാട് : വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിന്റെ പിൻഭാഗത്ത് അടിസ്ഥാന വികസനം നടപ്പാക്കണമെന്ന ആവശ്യമുയരുന്നു. പ്രകൃതിഭംഗിയും മലനിരകളുടെ മനോഹാരിതയും കാഴ്ചകളും കൊണ്ട് സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന തലനാട് ചോനമല ടൂറിസം കേന്ദ്രമാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വീർപ്പുമുട്ടുന്നത്. തലനാട് പഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ചോനമലയിലേക്കു ധാരാളം സഞ്ചാരികളാണ് എത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3000 അടി ഉയരത്തിലുള്ള ഈ പ്രദേശത്തേക്കുള്ള മനോഹരമായ റോഡും പ്രകൃതിഭംഗിയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. എന്നാൽ ഇവിടേക്കുള്ള യാത്രയിലും ടൂറിസം കേന്ദ്രത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് സഞ്ചാരികൾക്കു ബുദ്ധിമുട്ടാകുന്നു.
റോഡുകൾ കാടായി
പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡിന്റെ ഇരുവശങ്ങളിലും കാടും പുല്ലും വള്ളിപ്പടർപ്പുകളും വളർന്നു നിൽക്കുന്നതിനാൽ വാഹനങ്ങൾക്കു സൈഡ് കൊടുക്കാൻ കഴിയാത്ത സാഹചര്യമാണ്. വലിയ വാഹനങ്ങൾ ഉൾപ്പെടെ എത്തുന്ന റോഡിൽ ഈ അവസ്ഥ യാത്ര ദുഷ്കരമാക്കുന്നു. റോഡിന്റെ വശങ്ങൾ വെട്ടിത്തെളിച്ചാൽ യാത്രക്കാർക്കു പ്രയോജനകരമാകും. മണ്ണിടിച്ചിലിൽ റോഡിലേക്കു പതിച്ച മണ്ണും പൂർണമായി നീക്കം ചെയ്തിട്ടില്ല. റോഡരികിലെ സംരക്ഷണ ഭിത്തികളും കാടുകയറി മറഞ്ഞ നിലയിലാണ്. റോഡിലെ പല ഹംബുകളുടെയും മുന്നറിയിപ്പ് സൈൻ ബോർഡുകൾ മാഞ്ഞു പോയിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്ക് കൃത്യമായ മുന്നറിയിപ്പു ലഭിക്കാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും നിലവിലുള്ളവ പുതുക്കുകയും വേണം.
വെളിച്ചം എത്തണം
രാത്രികാല യാത്ര സുരക്ഷിതമാക്കാൻ റോഡിന്റെ ഇരുവശങ്ങളിലും വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. വ്യൂ പോയിന്റ്റിൽ ശൗചാലയമില്ല. സഞ്ചാരികൾക്കു വിശ്രമിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും കഴിയുന്ന തരത്തിൽ ഇരിപ്പിടങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കണം. രാത്രികാല സുരക്ഷയും ഉറപ്പാക്കുന്നതിന് സോളർ ഉയരവിളക്ക് സ്ഥാപിച്ചാൽ ഏറെ പ്രയോജനകരമാകും.
പോലീസ് പട്രോളിങ് ഏർപ്പെടുത്തണം
ടൂറിസം കേന്ദ്രത്തിലും സമീപപ്രദേശങ്ങളിലും രാത്രികാല സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പ്രദേശത്തെ താൽക്കാലിക കടകളിൽ മോഷണശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് രാത്രികാല വിനോദ സഞ്ചാരികൾക്കു പ്രയോജനകരമാകും.
വികസന പാക്കേജ് വേണം
വിനോദസഞ്ചാര സീസൺ ആരംഭിക്കുന്നതോടെ ചോനമലയിലേക്ക് ആയിരക്കണക്കിന് ആളുകൾ എത്താനുള്ള സാധ്യതയുണ്ട്. അതിനാൽ പൊതുശൗചാലയം, കുടിവെള്ളം, വഴിവിളക്കുകൾ, റോഡ് വശങ്ങൾ വൃത്തിയാക്കൽ, സംരക്ഷണ ഭിത്തികളുടെ പരിപാലനം, മുന്നറിയിപ്പ് ബോർഡുകൾ, വിശ്രമിക്കാനുള്ള സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി അടിയന്തര വികസന പാക്കേജ് നടപ്പാക്കണമെന്നാണ് ആവശ്യം.
Published: 14 Nov 2026, 02:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented