കരുവാറ്റ : രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു നിർദേശിച്ച എട്ടുവയസ്സുകാരൻ ദേവപ്രയാഗിന്റെ ജീവൻ രക്ഷിക്കാനായി കരുവാറ്റ പഞ്ചായത്ത് കൈകോർത്തു. ജനകീയസമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 16 വാർഡുകളിലുമായി ഒരുദിവസം കൊണ്ടു സമാഹരിച്ചത് 27.11 ലക്ഷം രൂപയാണ്.
രാവിലെ ഏഴു മണിമുതൽ ഒരോ വാർഡിലും ക്ലസ്റ്റർ തിരിച്ചാണ് ജനകീയസമിതി പ്രവർത്തകരും കുടുംബശ്രീക്കാരും വാർഡുതല സമിതികളും ധനസമാഹരണത്തിനിറങ്ങിയത്. പഞ്ചായത്ത് ജീവനക്കാർ, ജനപ്രതിനിധികൾ, ഹരിതകർമ സേനാംഗങ്ങൾ, വിവിധ സ്കൂളുകൾ, സന്നദ്ധ, സാമൂഹിക സംഘടനകൾ എന്നിവരെല്ലാം സ്വന്തം നിലയിൽ സമാഹരിച്ച വിഹിതം ഫണ്ടിലേക്കു കൈമാറിയിട്ടുണ്ട്. ദേവപ്രയാഗിന്റെ ചികിത്സാച്ചെലവുകൾക്കായി തുടങ്ങിയ ബാങ്ക് അക്കൗണ്ടിൽ എത്തിയ തുകയുൾപ്പെടെ 32.13 ലക്ഷം രൂപയായിട്ടുണ്ട്. 45 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കു മാത്രമായി വേണ്ടിവരുന്നത്. തുടർച്ചികിത്സയ്ക്കുള്ള ചെലവുകൾ വേറെയാണ്. ദേവപ്രയാഗിനെ സഹായിക്കാൻ സുമനസ്സുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് കരുവാറ്റയിലെ ജനങ്ങൾ.
സമാഹരിച്ച തുക പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ മനു സെക്രട്ടറി പി. ഹരിദാസിനു കൈമാറി. കരുവാറ്റ ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡ് പുത്തൻ പറമ്പിൽ അജിത് കുമാറിന്റെയും അനിയുടെയും ഇളയ മകനാണ് ദേവപ്രയാഗ്. ഒരു വർഷമായി അസുഖങ്ങൾ വിട്ടുമാറാത്ത ദേവപ്രയാഗിനെയും കൊണ്ട് ആശുപത്രികൾ കയറിയിറങ്ങുകയായിരുന്നു അജിത് കുമാറും അനിയും. മൂന്നു മാസം മുൻപ് തിരുവനന്തപുരം ആർ.സി.സി.യിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ദേവപ്രയാഗിന് രക്താർബുദം സ്ഥിരീകരിച്ചത്. മജ്ജമാറ്റിവെക്കൽ മാത്രമാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള മാർഗമെന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുകയാണ്. കൂലിപ്പണിക്കാരനായ അജിത് കുമാറിന് ഭാരിച്ച തുക കണ്ടെത്താൻ കഴിയുമായിരുന്നില്ല. കടം മേടിച്ചും നാട്ടുകാരുടെ സഹായത്താലുമാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. ദേവപ്രയാഗിന്റെ ചികിത്സാച്ചെലവുകൾക്കായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ മനു, വൈസ് പ്രസിഡന്റ് എസ്. സനിൽകുമാർ എന്നിവർ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ നേരിൽക്കണ്ട് ചികിത്സാരേഖകൾ സമർപ്പിച്ചിട്ടുണ്ട്. ചികിത്സാച്ചെലവിനുള്ള തുക സുമനസ്സുകൾ നൽകുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അക്കൗണ്ട് നമ്പർ.18690100089778, ഐ.എഫ്.എസ്.സി. FDRL0001869, ഫെഡറൽ ബാങ്ക് കരുവാറ്റ.
Published: 15 Nov 2026, 01:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented