മാങ്കാംകുഴി : തഴക്കര ഗ്രാമപ്പഞ്ചായത്ത് പതിനാറാം വാർഡിലൂടെ കടന്നുപോകുന്ന പി.ഐ.പി. കനാലിന്റെ തകർന്ന ഭാഗം പുനർനിർമാണം തുടങ്ങി. പമ്പാ ഇറിഗേഷൻ പ്രോജക്ടിന്റെ ഇടതുകര മെയിൻ കനാലിന്റെ ഭാഗമായ കുറത്തികാട് ബ്രാഞ്ച് കനാലാണ് കഴിഞ്ഞ മാർച്ചിൽ തകർന്നത്. അന്ന് ഒട്ടേറെ വീടുകളിൽ വെള്ളംകയറുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു. വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമായ തഴക്കര ഗ്രാമപ്പഞ്ചായത്തിന്റെ ഈ മേഖലയിൽ പി.ഐ.പി. കനാലിലൂടെയുള്ള വെള്ളമാണ് കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്.
കരിങ്കല്ലിൽ പണിതീർത്ത കനാലിന്റെ കാലപ്പഴക്കവും ഒരുവശം ഇരുപത്തിയഞ്ചടിയോളം താഴ്ചയുള്ളതും കനാൽ തകരാനുള്ള കാരണമായി കരുതുന്നു. കനാൽ പൊട്ടിത്തകർന്നതുകൊണ്ട് അറനൂറ്റിമംഗലം പാടശേഖരത്തിലെ നെൽക്കൃഷിക്ക് നാശംസംഭവിച്ചു. ആറടിപ്പൊക്കത്തിൽ വെള്ളം ഒഴുകിയിരുന്ന കനാലിന്റെ അറനൂറ്റിമംഗലം കരുവേലിൽ ഭാഗമാണ് പതിനാറുമീറ്റർ തകർന്നത്.
പി.ഐ.പി.യുടെ 2026-27 വർഷത്തെ ആക്ഷൻ ഫണ്ട് ഉപയോഗിച്ചാണ് കനാലിന്റെ പുനർനിർമാണം. തകർന്ന ഭാഗം പുനർനിർമിക്കുന്നതിനോടൊപ്പം 100 മീറ്റർ നീളത്തിൽ ഏകദേശം അഞ്ചുമീറ്റർ വീതിയിൽ സംരക്ഷണഭിത്തി കെട്ടി മണ്ണിട്ട് മേൽഭാഗം കരിങ്കല്ലു പാകി ബലപ്പെടുത്തുകയും ചെയ്യും. അടുത്ത വേനൽക്കാലത്തിനു മുൻപായി പണി പൂർത്തിയാക്കുന്നതിനുള്ള ശ്രമമാണ് പി.ഐ.പി. നടത്തുന്നത്.
Published: 15 Nov 2026, 01:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented