മാവേലിക്കര : കല്ലുമല റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണപുരോഗതി കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ നേതൃത്വത്തിൽ വിലയിരുത്തി. നിർമാണപ്രവർത്തനങ്ങൾ ഒരുമാസത്തിനുള്ളിൽ തുടങ്ങണമെന്ന് എം.പി. കരാറുകാരനു കർശന നിർദേശം നൽകി.

To advertise here,

റെയിൽവേയും സംസ്ഥാന സർക്കാരും ചെലവ് തുല്യമായി പങ്കിടൽ വ്യവസ്ഥയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകിയെങ്കിലും വിവിധ കാരണങ്ങളാൽ കരാറുകാരൻ ഇതുവരെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. പദ്ധതി വൈകുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി നിർമാണം ആരംഭിച്ച് സമയബദ്ധമായി പൂർത്തീകരിക്കണമെന്ന് എം.പി. നിർദേശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകനയോഗത്തിലാണ് ഈ നിർദേശം നൽകിയത്.

 

കല്ലുമല റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കുന്നതിനുള്ള തുടർനടപടികൾ നിരന്തരം നിരീക്ഷിക്കുമെന്നും പദ്ധതി വൈകിപ്പിക്കുന്ന സാഹചര്യം അനുവദിക്കില്ലെന്നും എം.പി. വ്യക്തമാക്കി. ഡി.സി.സി. വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ്, നഗരസഭാ ചെയർപേഴ്‌സൺ ലളിതാ രവീന്ദ്രനാഥ്, വൈസ് ചെയർമാൻ കെ. ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.