പരാക്രമത്തിനൊടുവിൽ കിണറ്റിൽവീണ് ചത്തു
ഇളങ്ങുളം : നാടിനെ പരിഭ്രാന്തിയിലാക്കി ഒരുമണിക്കൂറിലേറെ വിഹരിച്ച കാട്ടുപന്നി ഒടുവിൽ കിണറ്റിൽവീണ് ചത്തു. വെള്ളിയാഴ്ച രാവിലെ കൂരാലി മേഖലയിൽ പരിഭ്രാന്തി പടർത്തിയ കാട്ടുപന്നിയുടെ പരാക്രമങ്ങൾക്കിടയിൽ നാലുപേർക്ക് പരിക്കേറ്റു.
അടുത്തദിവസങ്ങളിൽ കൂരാലിയിൽ വിവിധ കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ കൃഷിനാശം വരുത്തിയിരുന്നു. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ ഷൂട്ടർമാരെ എലിക്കുളം പഞ്ചായത്ത് നിയോഗിച്ച് പ്രവർത്തനങ്ങൾ നടത്തിവരവേയാണ് കാട്ടുപന്നികളിലൊന്നിന്റെ വിളയാട്ടവും അന്ത്യവും.
ലോട്ടറിക്കച്ചവടക്കാരൻ പേഴത്തുംമൂട്ടിൽ അജി(65), പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലെ ഏഴാംക്ലാസ് വിദ്യാർഥിനി ദേവപ്രിയ, ഇളങ്ങുളം കുന്നുംപുറത്ത് ഓമന ശ്രീനിവാസൻ, ഇരുചക്ര വാഹനയാത്രക്കാരനായ യുവാവ് എന്നിവർക്കാണ് പരിക്കുള്ളത്.
വീടുകളുടെ പരിസരങ്ങളിലൂടെയും റോഡിലൂടെയും വിറളിപിടിച്ച് ഓടിനടന്ന പന്നി ചില വീടുകളുടെ മുറ്റങ്ങളിൽ മണ്ണ് കുത്തിമറിച്ചു. വീട്ടുമുറ്റത്തിരുന്ന പാത്രങ്ങൾ തട്ടിത്തെറിപ്പിച്ച് ഭീതി പടർത്തി റോഡിലേക്കിറങ്ങിയ പന്നിയുടെ മുൻപിൽപെട്ടവരുടെ നേരേ ചീറിയടുത്ത് ആക്രമിക്കുകയായിരുന്നു. തേറ്റ കൊണ്ടുള്ള കുത്തേറ്റ് അജിയുടെ കാലിൽ രണ്ടിടത്ത് മുറിവുണ്ട്.
കൂരാലി വയലുങ്കൽപ്പടിയിൽ വെള്ളാപ്പള്ളിൽ റെജിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് പന്നി വീണത്. വാഹനങ്ങളിൽ ഇടിച്ച് ചോരവാർന്നനിലയിൽ കിണറ്റിൽപ്പെട്ടതോടെ കിണറിലെ വെള്ളമാകെ ചോര പടർന്ന് ചുവന്നനിറത്തിലായി. വെള്ളമുണ്ടായിരുന്നതിനാൽ രക്ഷപ്പെടാനാവാതെ മുങ്ങിച്ചാകുകയായിരുന്നു. മോട്ടോർ വെച്ച് കിണറ്റിലെ വെള്ളം വറ്റിച്ചതിനുശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വലയിലാക്കിയാണ് ജഡം കരയ്ക്കെടുത്തത്.
ഓണററി വൈൽഡ് ലൈഫ് വാർഡൻകൂടിയായ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോഷി കെ.ആന്റണി, പഞ്ചായത്തംഗങ്ങളായ വി.ഐ.അബ്ദുൽകരീം, ജിഷ്ണു പറപ്പള്ളിൽ, സുജാതാദേവി, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, അസി.കൃഷി ഓഫീസർ എ.ജെ.അലക്സ് റോയ്, എരുമേലിയിൽനിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ, പൊൻകുന്നം പോലീസ് എന്നിവരും സ്ഥലത്തെത്തി. കിണറ്റിൽനിന്ന് കരയ്ക്കെടുത്ത കാട്ടുപന്നിയെ നിയമങ്ങൾ പാലിച്ച് മണ്ണുമാന്തി യന്ത്രം കൊണ്ട് കുഴിയെടുത്ത് മറവുചെയ്തു.
Published: 14 Nov 2026, 02:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented