വൈക്കം : കൃഷിയിറക്കി...മികച്ച് വിളവ്... വിളവെടുപ്പും കഴിഞ്ഞു. നെല്ല് സംഭരിക്കാൻ മില്ലുകാരുമെത്തി. നെല്ല് കയറ്റാനുള്ള ലോറിയെത്തുന്നിടത്തേക്ക് കൊയ്തെടുത്ത നെല്ല് എത്തിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് വെച്ചൂരിലെ ഒരുകൂട്ടം കർഷകർ.
വെച്ചൂർ പഞ്ചായത്തിലെ നാലാം വാർഡിൽപ്പെടുന്ന അയ്യനാടൻ പുത്തൻകരി, അഞ്ചാം വാർഡിലെ വലിയ പുതുക്കരി, ദേവസ്വംകരി എന്നീ പാടശേഖരങ്ങളിലെ 200-ൽ അധികം കർഷകരാണ് കൊയ്തെടുത്ത നെല്ല് വാഹനമെത്തുന്നിടത്തേക്ക് എത്തിക്കാനായി ബുദ്ധിമുട്ടുന്നത്. 230 ഏക്കർ വരുന്നതാണ് അയ്യനാടൻപുത്തൻകരി പാടശേഖരം. ഇവിടത്തെ 180 ഏക്കറോളം വരുന്ന പാടശേഖരത്തെ നെല്ലും വള്ളത്തിൽ കയറ്റിയാണ് കൊണ്ടുപോകുന്നത്. ഇതിൽ കൊടുതുരുത്ത്-ഞാണുപറമ്പ് തോട്ടിലൂടെ വള്ളംപോലും വരാത്തനിലയിൽ പായലും പോളയും വളർന്ന് തിങ്ങി നിൽക്കുകയാണ്. 70 ഏക്കർ ഭാഗത്തെ നെല്ല് ഇടയാഴം-കല്ലറ റോഡിലെ അയ്യനാടൻ പുത്തൻകരി പാടശേഖരസമിതി ഓഫീസിനു സമീപമാണ് വള്ളത്തിലെത്തിക്കുന്നത്.
നീരൊഴുക്കു നിലച്ച തോട്ടിലൂടെ ദിവസങ്ങളായി വള്ളം വരാതിരുന്നതോടെ നെല്ല് കയറ്റുന്ന തൊഴിലാളികൾ വള്ളം കെട്ടിവലിച്ചാണ് ഇവിടേക്കെത്തിച്ചത്. പാടത്തിന്റെ 110 ഏക്കർ ഭാഗത്തെ നെല്ലും വള്ളത്തിൽ കയറ്റിയാണ് ലോറിയെത്തുന്ന വെച്ചൂർ ഔട്ട്പോസ്റ്റിന് കിഴക്കുവശമുള്ള വളച്ചകരി ഭാഗത്തെത്തിക്കുന്നത്. വാഹനമെത്തുന്ന ഭാഗത്തെ ഒരു ടൺ നെല്ല് കയറ്റുന്നതിന് കർഷകർക്ക് 1300 രൂപ കൂലിച്ചെലവാകുമ്പോൾ വള്ളത്തിൽ കയറ്റി യിറക്കുന്ന കർഷകർക്ക് ടണ്ണിന് 1700 രൂപ കൂലിച്ചെലവുമാകുന്നു.
ഈ പാടശേഖരത്തെ 180 ഏക്കറിലെ 510-ലധികം ടൺ നെല്ല് വള്ളത്തിൽ കയറ്റിയിറക്കുന്നതിന് അധികമായി വരുന്ന രണ്ട് ലക്ഷത്തിലധികം രൂപയും പാവപ്പെട്ട കർഷകരുടെ ചുമലിലാണ് വരുന്നതെന്ന് കർഷകനായ സരിതാഭവനിൽ സത്യരാജൻ പറഞ്ഞു.
വേനൽമഴയുള്ളതിനാൽ എത്രയുംവേഗം നെല്ല് കയറിപ്പോയെങ്കിൽ മാത്രമേ കർഷകർക്ക് ആശങ്കയകലൂവെന്നും സത്യരാജൻ പറഞ്ഞു. 600 ഏക്കർ വരുന്ന വലിയ പുതുക്കരിയിലെ 200 ഏക്കർ പാടശേഖരത്തെയും ദേവസ്വംകരിയിലെ 60 ഏക്കറിലെയും കൊയ്തെടുത്ത നെല്ല് വള്ളത്തിൽ കയറി പോകേണ്ടുന്ന മറ്റം-അഞ്ചുമനത്തോടും പോളയും പായലും നിറഞ്ഞ് നീരൊഴുക്ക് നിലച്ചുകിടക്കുകയാണ്.
ഫാം റോഡുകളുണ്ടാക്കിയാൽ നെല്ല് കയറിപ്പോകുന്നതിനുള്ള പ്രതിസന്ധിക്ക് പരിഹാരമായേനെയെന്ന് അയ്യനാടൻ പുത്തൻകരി പാടശേഖര സമിതി പ്രസിഡന്റ് എൻ. സുരേഷ്കുമാർ പറഞ്ഞു.
ഇതിന് ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Published: 15 Nov 2026, 01:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented