കോട്ടയം : നുണപറഞ്ഞ് രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഫ്രോഡുകളാണ് രാഹുൽ ഗാന്ധിയും കോൺഗ്രസുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോട്ടയത്ത് ബി.ജെ.പി. ഈസ്റ്റ് വെസ്റ്റ് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ജനാധിപത്യ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ഡൽഹിയിൽ രാഹുൽ ഗാന്ധി 'ഛാത്രോം കേ ഗൂഞ്ച്' എന്ന മുദ്രാവാക്യം ഉയർത്തുമ്പോൾ കേരളത്തിലെ വിദ്യാർഥികളുടെ ശബ്ദം കേൾക്കാൻ കോൺഗ്രസ് സർക്കാരിന് കഴിയുന്നില്ല. കോൺഗ്രസിന്റെ ഇരട്ടത്താപ്പിന് സി.പി.എം. പിന്തുണ നൽകുകയാണ്.
വോട്ടുചോരിയല്ല, തട്ടിപ്പുചെയ്യുന്നവർക്ക് വോട്ട് കിട്ടാത്ത സാഹചര്യമാണ് ഇന്ത്യയിൽ എസ്ഐ.ആറിലൂടെ ഉണ്ടായിരിക്കുന്നത്. ഗ്യാരന്റി വാഗ്ദാനംചെയ്ത് അധികാരത്തിലെത്തിയ വി.ഡി.സതീശൻ സർക്കാർ ആറ് മാസം കഴിഞ്ഞിട്ടും എന്താണ് ചെയ്തത്. ശബരിമല അയ്യപ്പന്റെ പേരിൽ കൊള്ളയെന്ന് പാട്ടുപാടി വോട്ടുനേടി അധികാരത്തിലെത്തി കൊള്ളക്കാരെ സംരക്ഷിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞത് അഴിമതിക്കേസിൽ പിണറായി വിജയനെ ജയിലിലടയ്ക്കണമെന്നാണ്. എന്നാൽ, എക്സാലോജിക്ക് കേസിൽ തെളിവുണ്ടെങ്കിലും വി.ഡി. സതീശൻ സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുകയാണ്. ഇതാണ് രാഹുൽ ഗാന്ധി ‘ഫ്രോഡാ’ണെന്ന് പറയാൻ കാരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നേരത്തേ കോട്ടയം ഈസ്റ്റ് വെസ്റ്റ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. നാഗമ്പടത്തുനിന്നും കഞ്ഞിക്കുഴിയിൽനിന്നും തുടങ്ങിയ പദയാത്ര കളക്ടറേറ്റിനു സമീപം സംഗമിച്ചു. തുടർന്ന് നഗരത്തിലേക്ക് നടത്തിയ പദയാത്രയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തു. നൂറ് കണക്കിന് പ്രവർത്തകരും പദയാത്രയിൽ പങ്കെടുത്തു.
Published: 14 Nov 2026, 02:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented