കാഞ്ഞിരപ്പള്ളി : പൂഞ്ഞാറിലെ പട്ടയം, ഭൂമി വിഷയത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് പരിഹാരം കാണുമെന്ന് എം.എൽ.എ.യ്ക്ക് ഉറപ്പ് നൽകിയതായി മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു.

To advertise here,

പുതുതായി നിർമിക്കുന്ന ഇടക്കുന്നം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയ സർക്കാർ വന്ന ശേഷം 100 ദിവസംകൊണ്ട് 5000 പട്ടയം കൊടുക്കണമെന്നാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, 11,000 പട്ടയം കൊടുക്കാൻ സാധിച്ചു.

ഭൂമി തരംമാറ്റൽ കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തോളം അപേക്ഷകളിൽ 51,000 അപേക്ഷകൾ തീർപ്പാക്കാൻ സാധിച്ചു.

വന്യമൃഗശല്യത്തിൽ സർക്കാരിന്റെ പരിമിതിക്കുള്ളിൽനിന്ന് പരമാവധി കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി.

റോണി കെ. ബേബി എം.എൽ.എ., ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ജില്ലാപഞ്ചായത്തംഗങ്ങളായ പി. ജീരാജ്, ആശാ ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. റവന്യൂ വകുപ്പിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.