പാമ്പാടി : പാമ്പാടി ആർ.ഐ.ടി. യൂണിയൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെതുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. വൈകീട്ട് 5.30-ഓടെ ആരംഭിച്ച സംഘർഷം രാത്രി 10.30-ഓടെയാണ് നിയന്ത്രണവിധേയമായത്.

To advertise here,

ഫലപ്രഖ്യാപനത്തിന് പിന്നാലെ എസ്‌.എഫ്.ഐ., കെ.എസ്‌.യു. പ്രവർത്തകർ പ്രകടനത്തിനായി കോളേജിന് പുറത്തെത്തിയപ്പോഴാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടയിൽ അമൽ ഷാദിൻ, ജമ്മു സ്വദേശിയായ ലക്ഷ് മഹാജൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അമലിന് ഗുരുതരപരിക്കുണ്ട്. ഇവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞ് സി.പി.എം, കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തേക്ക് എത്തിയതോടെ ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. റിജോ പി.ജോസഫിന്റെ നേതൃത്വത്തിൽ ഇരുവിഭാഗം നേതാക്കളുമായി ചർച്ചകൾ നടത്തി. സമീപസ്റ്റേഷനുകളിൽനിന്നുൾപ്പെടെ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.