വെള്ളൂർ : പഞ്ചായത്തിലെ ഗാർഹിക കുടിവെള്ള പൈപ്പ് ലൈനിൽനിന്ന് കെ.ആർ.എൽ. കമ്പനിക്ക് വെള്ളം നൽകാനുള്ള നീക്കം ജനകീയ സമരസമിതി തടഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജല അതോറിറ്റി കണക്ഷൻ നൽകുന്നത് താത്കാലികമായി നിർത്തി. പ്രശ്നം പരിഹരിക്കുന്നതിനായി കെ. ബിനിമോൻ എം.എൽ.എ.യുടെ സാന്നിധ്യത്തിൽ ഉന്നതതല ചർച്ച നടക്കും.
വെള്ളൂർ അഞ്ച്, 10 വാർഡുകളിലെ വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈനിൽനിന്ന് വ്യാവസായിക ആവശ്യത്തിനായി വലിയവ്യാസമുള്ള പൈപ്പിട്ട് വെള്ളമെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. നിലവിലുള്ള കുടിവെള്ളക്ഷാമവും ഭാവിയിലെ പ്രതിസന്ധിയും ചൂണ്ടിക്കാണിച്ച് വെള്ളൂർ പഞ്ചായത്ത് ഐകകണ്ഠേന പ്രമേയം പാസാക്കി ജല അതോറിറ്റിക്കും വകുപ്പ് മന്ത്രിക്കും നൽകിയിരുന്നു. എന്നാൽ, ഇതിനെയും ജനകീയ പ്രതിഷേധത്തെയും അവഗണിച്ചാണ് ജല അതോറിറ്റി പുതിയ കണക്ഷൻ നൽകാൻ ശ്രമിച്ചതെന്ന് സമരസമിതി ആരോപിക്കുന്നു.
പതിറ്റാണ്ടുകൾക്ക് മുൻപ് വെള്ളൂർ-വെളിയന്നൂർ പദ്ധതിക്കായി 35 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥലം വാങ്ങി നൽകിയത് വെള്ളൂർ പഞ്ചായത്തായിരുന്നു. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് മുൻഗണന നൽകുമെന്ന വാഗ്ദാനം ജല അതോറിറ്റി അട്ടിമറിച്ചതായും സമരക്കാർ കുറ്റപ്പെടുത്തി. കെ.ആർ.എൽ. എം.ഡി.യുടെ പരാതിയെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം പോലീസ് സംരക്ഷണയോടെ കണക്ഷൻ നൽകാനെത്തിയപ്പോഴാണ് പ്രതിഷേധം ശക്തമായത്.
വൻപോലീസ് സന്നാഹം
തലയോലപ്പറമ്പ് സി.ഐ. ജി. രജൻകുമാർ, വെള്ളൂർ എസ്.എച്ച്.ഒ. വി. വിദ്യ, സബ് ഇൻസ്പെക്ടർ മാരായ സി.എൻ. ഹർഷകുമാർ, എം.പി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘം എത്തിയത്. തുടർ നടപടികളുടെ ഭാഗമായി വൈക്കം എം.എൽ.എ. യുടെ സാന്നിധ്യത്തിൽ ജല അതോറിറ്റി അധികൃതർ, പഞ്ചായത്ത് ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, സമരസമിതി പ്രവർത്തകർ, കെ.ആർ.എൽ. പ്രതിനിധികൾ എന്നിവർ ചർച്ച നടത്തും. വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ്, വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ, സമരസമിതി കൺവീനർ ആർ. നികിതകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജനപ്രതിനിധികളും സമരസമിതി അംഗങ്ങളും പ്രതിഷേധത്തിന് എത്തിയത്.
പ്രശ്നത്തെപ്പറ്റി ജല അതോറിറ്റി പറയുന്നു
:കമ്പനിയിലേക്ക് നേരത്തേ നൽകിയെന്നു സമരസമിതി പറയുന്ന മുക്കാൽ ഇഞ്ച് പൈപ്പ് കണക്ഷൻ ലേബർ ഷെഡിലേക്കുള്ള താത്കാലിക കണക്ഷൻ മാത്രമാണെന്ന് ജല അതോറിറ്റി വ്യക്തമാക്കി. പണം അടയ്ക്കുന്നത് കരാറുകാരനാണ്. കമ്പനി ആവശ്യത്തിനായി 15 ഓഫീസ് ജീവനക്കാർക്കുവേണ്ടി ഗാർഹികേതര കണക്ഷൻ കൺസ്യൂമർ നമ്പറിട്ട് നൽകിയതാണ്. സമരസമിതി വിച്ഛേദിച്ച ഈ കണക്ഷൻ പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്നത്. ചർച്ചകളിലൂടെ ആശങ്കകൾ അകറ്റി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
Published: 23 Oct 2026, 03:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented