പാലാ : ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് തരം തിരിച്ച് നൽകാൻ സാധിക്കാത്തതിനാൽ പാലാ നഗരസഭയ്ക്ക് വർഷം അരക്കോടി രൂപയോളം നഷ്ടം. നഗരസഭാ സമുച്ചയത്തിന് സമീപം വൻ തോതിൽ പ്ലാസ്റ്റിക് ശേഖരിച്ചിരിക്കുന്നത് മൂലമുള്ള അപകടസാധ്യത വേറെയും.

To advertise here,

പാലാ നഗരസഭയിൽ ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് ചെറിയ എം.സി.എഫുകളിൽ വാർഡുകളിൽ ശേഖരിക്കുകയും തുടർന്ന് ഏറ്റവും തിരക്കുള്ള മുനിസിപ്പൽ കോപ്ലക്‌സിനും നഗരസഭയ്ക്കും പുറകിലായി സ്ഥാപിച്ചിരിക്കുന്ന എം.സി.എഫിൽ സംഭരിക്കുകയുമാണ്.

തരം തിരിക്കാനുള്ള സ്ഥലസൗകര്യം ഇല്ലാത്തതിനാൽ കിലോയ്ക്ക് ഏഴു രൂപയോളം നൽകി ക്ലീൻ കേരള കമ്പനിക്ക് നൽകി കയറ്റിവിടുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ഇൗയിനത്തിൽ മൊത്തം അരക്കോടിയോളം നഷ്ടം വരും. തരംതിരിച്ച് കൊടുത്താൽ നഗരസഭയ്ക് വരുമാനമായേനെ.

നീക്കംചെയ്യാനുള്ള താമസംമൂലം ടൺ കണക്കിന് പ്ലാസ്റ്റിക്കാണ് പലപ്പോഴും ഇവിടെ കൂട്ടിയിടേണ്ടിവരുന്നത്. ഇത് ആശങ്കയുണർത്തുന്നു. വേനൽകാലത്ത് തീപ്പൊരി വീണാലുണ്ടാകുന്ന ഭവിഷ്യത്ത് വലുതാണ്. മഴക്കാലത്ത് പ്ലാസ്റ്റിക് നഗരത്തിലൂടെ ഒഴുകിയെത്തും. പ്ലാസ്റ്റിക് കെട്ടുകൾക്കിടയിൽ പെരുമ്പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളെ കാണാറുണ്ട്.

തരംതിരിച്ചാൽ നിശ്ചിതവരുമാനം നേടുകയും കുറെ വനിതകൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യും. പ്ലാസ്റ്റിക് സംഭരിക്കാൻ സ്ഥലമില്ലാത്തത് പാലാ നഗരസഭയ്ക്ക് ചില നിയമ പ്രശ്നങ്ങളുമുണ്ടാകുന്നു. മൂന്ന് ടൺ ശേഷിയുള്ള ഒരു എം.സി.എഫ്. ഷെഡ് സ്ഥാപിച്ചില്ലങ്കിൽ സർക്കാരിന്റെ പല ഗ്രാന്റുകളും തടയുകയും ദേശീയ ഹരിതട്രിബ്യൂണലിന്റെ പിഴ ഉൾപ്പെടെ വരാനും സാധ്യതയുമുണ്ട്.