ചെങ്ങന്നൂർ : നിലമൊരുക്കിയ പാടശേഖരങ്ങളിൽ വെള്ളക്കെട്ടായതിനെത്തുടർന്ന് വിതമുടങ്ങി. കഴിഞ്ഞദിവസത്തെ തുലാമഴയിൽ അരയടിയോളം വെള്ളം ഉയർന്നു. തുലാമഴ തുടർന്നാൽ വിത നീണ്ടുപോകും. ഈ വർഷം പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ മന്ദഗതിയിലായിരുന്നു. ഇതിനു കാരണം കാലവർഷക്കാലത്തെ മഴക്കുറവായിരുന്നു. ഇതുമൂലം പാടശേഖരങ്ങൾ സെപ്റ്റംബറായപ്പോൾ വരണ്ട നിലയിലായി. പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിച്ചിരുന്ന കൈത്തോടുകളും വറ്റി. ഇക്കാരണത്താൽ നിലമൊരുക്കൽ ജോലികൾ വൈകി. പിന്നീട് ഇടയ്ക്കുപെയ്ത മഴയ്ക്കുശേഷം നിലമൊരുക്കി. തുടർന്ന്, കർഷകർ വിതയ്ക്കുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കേയാണ് തുലാമഴയിൽ പാടശേഖരങ്ങളിൽ വെള്ളക്കെട്ടുണ്ടായത്.

To advertise here,

പുലിയൂർ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ ഈ ആഴ്ച വിത തുടങ്ങേണ്ടതായിരുന്നു. വിത നീണ്ടുപോകുന്തോറും കൊയ്ത്ത് താമസിക്കും. ഓരോ വർഷം കഴിയുന്തോറുമുള്ള കാലാവസ്ഥയുടെ മാറ്റംമൂലം കൃഷിയുടെ ദൈർഘ്യം കൂടിവരുകയാണ്. ഇതുമൂലം വിളവെടുപ്പും വൈകുന്നുണ്ട്. 120 ദിവസം മൂപ്പുള്ള ഉമ വിത്താണ് വിതയ്ക്കുന്നത്. നവംബർ ആദ്യം വിതച്ചാൽ മാത്രമേ മാർച്ച് ആദ്യ ആഴ്ചയിൽ കൊയ്യാൻ സാധിക്കൂ. കാലാവസ്ഥയിലുണ്ടാകുന്ന അടിക്കടിയുള്ള മാറ്റംമൂലം വരുംവർഷങ്ങളിൽ കൂടുതൽ കർഷകർ നെൽക്കൃഷിയിൽനിന്നു മാറിനിൽക്കുമോ എന്ന ആശങ്ക കൃഷിവകുപ്പിനുണ്ട്.

ചെങ്ങന്നൂർ മണ്ഡലത്തിൽ 445 ഹെക്ടർ പാടശേഖരം തരിശുകിടക്കുകയാണ്. വിവിധ സഹായങ്ങൾ ഉറപ്പാക്കിയാണ് കൃഷിവകുപ്പ് കാർഷികമേഖലയിൽനിന്നു മാറി നിൽക്കുന്നവരെ കൃഷിചെയ്യാൻ പ്രേരിപ്പിക്കുന്നത്.

കൃഷിയൊരുക്കം വെള്ളത്തിലാകുമോ

മാന്നാർ : വേനൽക്കൃഷിക്കായി ഒരുക്കിയ പാടശേഖരങ്ങൾ കനത്ത മഴയിൽ മുങ്ങിയതോടെ കൃഷിയൊരുക്കം വെള്ളത്തിലാകുമോ എന്ന ഭീതിയിലാണ് അപ്പർ കുട്ടനാട്ടിലെ നെൽക്കർഷകർ. മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളിൽ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ചും പമ്പിങ് നടത്തി വെള്ളംവറ്റിച്ചും ഒരുക്കിയിട്ടിരുന്ന പാടശേഖരങ്ങളാണ് തുലാവർഷത്തിൽ മുങ്ങിക്കിടക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് നെൽക്കർഷകരെ ഭീതിപ്പെടുത്തുന്നുണ്ട്.

പണയംവെച്ചും വായ്പയെടുത്തും വൻതുക മുടക്കി കർഷകരും പാടശേഖരസമിതിയും കൃഷിയൊരുക്കം പൂർത്തിയാക്കിവരുമ്പോഴാണ് എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് മഴ ശക്തി പ്രാപിച്ചത്. മഴയെത്തിയതോടെ പാടങ്ങളിൽ നടത്തിവന്ന പമ്പിങ് ജോലികൾ നിർത്തിവെക്കാൻ കർഷകർ നിർബന്ധിതരായിരിക്കുകയാണ്. മഴ മാറിയെങ്കിൽ മാത്രമേ പമ്പിങ് ജോലികൾ പുനരാരംഭിക്കാൻ കഴിയൂ. ഇത്‌ കൃഷി തുടങ്ങുന്നതിനു കാലതാമസമുണ്ടാക്കുമെന്നതിനാൽ വീണ്ടും നിലമൊരുക്കൽ നടത്തേണ്ടിവരുമോ എന്ന ഭീതിയാണ് കർഷകരിലുള്ളത്.

തോടുകളിലെ പായലും പോളയും ഭീഷണി

വരുംദിവസങ്ങളിലും മഴ തുടർന്നാൽ വെള്ളം നിറഞ്ഞ പാടശേഖരത്തിലേക്ക് തോടുകൾ കവിഞ്ഞ് കൂടുതൽ വെള്ളം കയറുന്നതോടെ, പായലും മാലിന്യവും ഒപ്പം ഒഴുകിയെത്തും. കുരട്ടിശ്ശേരി നാലുതോട് മുതലുള്ള പാടശേഖരങ്ങളോടു ചേർന്ന് മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിൽ പായൽ നിറഞ്ഞ തോട് കരകവിയുന്നതോടെ ഒരുക്കിയിട്ട നിലങ്ങളിൽ വീണ്ടും പായൽ നിറയും. പായലുകൾ നീക്കംചെയ്ത് കൃഷിയൊരുക്കം ആദ്യംമുതൽ തുടങ്ങേണ്ട അവസ്ഥയായിരിക്കും കർഷകർക്ക്‌ ഉണ്ടാവുക. മാന്നാർ, ചെന്നിത്തല പഞ്ചായത്തുകൾ സംയുക്തമായി തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് പായൽ നീക്കംചെയ്യുന്നതിന് ഇരു പഞ്ചായത്തുകൾക്കും പാടശേഖരസമിതി കത്തു നൽകിയെങ്കിലും യാതൊരു പരിഗണനയും ലഭിച്ചില്ലെന്നാണ് കർഷകരുടെ പരാതി.

100 ഏക്കർ പാടശേഖരം മുങ്ങി

വെൺമണി പഞ്ചായത്തിലെ മാമ്പ്ര പാടശേഖരത്തിലെ നൂറേക്കർ നെൽക്കൃഷി തുലാമഴയിൽ മുങ്ങി. ചെങ്ങന്നൂർ ബ്ലോക്ക് പരിധിയിൽ ആദ്യം കൃഷിയിറക്കിയ പാടശേഖരമായിരുന്നു. രണ്ടാഴ്ച മുൻപാണ് വിതച്ചത്. ഈ വർഷം കാലവർഷത്തിലുണ്ടായ കുറവു മൂലം കൃഷിയിറക്കാൻ വെള്ളമില്ലായിരുന്നു. പിന്നീട് ഇടയ്ക്ക് മഴ പെയ്തതിനെത്തുടർന്നാണ് വിതച്ചത്. എന്നാൽ, തുലാമഴ കർഷകരെ ചതിച്ചു.

മാമ്പ്ര പാടശേഖരത്തിൽ നെൽക്കൃഷിക്കു ശേഷം പച്ചക്കറിക്കൃഷി ചെയ്യേണ്ടതിനാൽ സെപ്റ്റംബർ 21-ന് ആണ് എല്ലാവർഷവും വിതച്ചിരുന്നത്. ഫെബ്രുവരിയിൽ കൊയ്‌തെടുത്ത ശേഷം വിഷുക്കാലത്തേക്ക് പച്ചക്കറിക്കായി പാടമൊരുക്കുകയായിരുന്നു പതിവ്. 94 കർഷകരാണ് പാടശേഖരത്തിലുള്ളത്. വെൺമണി കൃഷി ഓഫീസർ പാടശേഖരം സന്ദർശിച്ച് നഷ്ടം വിലയിരുത്തി. നഷ്ടപ്പെട്ട വിത്തുകൾക്ക് പകരം കർഷകർക്ക് പുതിയ നെൽവിത്തുകൾ ലഭ്യമാക്കണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് എ.ജെ. തങ്കച്ചൻ ആവശ്യപ്പെട്ടു.