കാഞ്ഞിരപ്പള്ളി : മഴയിൽ തകർന്ന കരിമ്പുകയം കോസ്‌വേയുടെ കൈവരികളും സംരക്ഷണഭിത്തിയും സായാഹ്ന വിശ്രമകേന്ദ്രത്തിലെ നടപ്പാതയും രണ്ടരമാസം കഴിഞ്ഞിട്ടും നവീകരിച്ചില്ല. എരുമേലി പഞ്ചായത്തിനെ കാഞ്ഞിരപ്പള്ളി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ സംരക്ഷണഭിത്തി തകർന്നതോടെ നിലച്ച ബസ്‌സർവീസും ഇതുവരെ പുനരാരംഭിച്ചില്ല.
പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുകയാണ്. മുളകളും തകർന്നുവീണ കമ്പികളും വെച്ചുകെട്ടിയാണ് നിലവിൽ കൈവരിയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് കനത്തമഴയിൽ മണിമലയാർ കരകവിഞ്ഞൊഴുകി വലിയനാശം കരിമ്പുകയത്തുണ്ടായത്.
മണിമലയാറിന് കുറുകേയുള്ള കാഞ്ഞിരപ്പള്ളി-എരുമേലി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലവും സമീപപ്രദേശവും വിനോദസഞ്ചാരകേന്ദ്രമാക്കിമാറ്റുന്നതിന്റെ ഭാഗമായി 70 ലക്ഷത്തോളം രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മണിമലയാറിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് ഇരിക്കാനും നടക്കാനുമായി ടൈൽപാകി സൗന്ദര്യവത്കരണം നടത്തിയിരുന്നു. ഈഭാഗത്തെ ടൈലുകളാണ് വെള്ളം ഇരച്ചുകയറി തകർന്നത്. കരിമ്പുകയം അങ്കണവാടിയിലും ആറ് വീട്ടിലും ഇവിടെ വെള്ളം കയറിയിരുന്നു. 2021-ലെ പ്രളയത്തിൽ കൈവരികൾ പൂർണമായും തകർന്നത് വർഷങ്ങൾക്കുശേഷമാണ് നവീകരിച്ചത്. ഇറിഗേഷൻ വകുപ്പാണ് പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത്.
കല്ലറക്കാവ്-കരിമ്പുകയം റോഡും തകർന്നുകിടക്കുകയാണ്. ചേനപ്പാടിയിൽനിന്ന് കരിമ്പുകയത്തുകൂടിയുള്ള ഏകബസും സർവീസ് നിർത്തിയതോടെ വിദ്യാർഥികളും ജോലിക്ക് പോകുന്നവരുമായ യാത്രക്കാർ ദുരിതത്തിലാണ്. തകർന്നുകിടക്കുന്നതിനാൽ മണിമലയാറിന്റെ തീരത്ത് നിർമിച്ച നടപ്പാതയിലേക്ക് ഇറങ്ങാനും കഴിയാത്ത സ്ഥിതിയാണുള്ളത്. സംരക്ഷണഭിത്തിയും കോസ്‌വേയുടെ കൈവരികളും ഉടൻ പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.
ബസ്‌സർവീസ് പുനരാരംഭിക്കാൻ നടപടി വേണം
പ്രദേശവാസികളുടെ ഏക ആശ്രയമായിരുന്ന ബസ്‌സർവീസ് നിലച്ചിട്ട് രണ്ടുമാസം പിന്നിട്ടു. തകർന്ന കോസ്‌വേയുടെയും സമീപനപാതയുടെ സംരക്ഷണഭിത്തിയുടെയും നിർമാണങ്ങൾ എത്രയുംവേഗം നടത്തണം. തകർന്ന കല്ലറക്കാവ് റോഡിന്റെ നവീകരണത്തിന് ഒൻപതുലക്ഷം രൂപ അനുവദിച്ചതാണ്. ടെൻഡർ നടപടികളും പൂർത്തിയാക്കി ഉടൻ ടാറിങ് നടത്തും.
-റിജോ വാളാന്തറ, വാർഡംഗം
Published: 23 Oct 2026, 03:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented