മാരാരിക്കുളം : ദേശീയപാത വികസനത്തിന്റെ ഭാഗമായി മേൽപ്പാല നിർമാണത്തിനായി കഞ്ഞിക്കുഴിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം യാത്രക്കാർക്കു ദുരിതമായി. അപകടങ്ങൾ ഇവിടെ നിത്യസംഭവമായി. കഞ്ഞിക്കുഴിയിലെ മേൽപ്പാലത്തിന്റെ അവസാനഘട്ട നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
പാലത്തിന്റെ മധ്യഭാഗത്ത് നേരത്തേ കോൺക്രീറ്റ് പൂർത്തിയാക്കിയിരുന്നു. ഈ ഭാഗത്തുകൂടി യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ, നിർമാണക്കമ്പനി പാലത്തിന്റെ അനുബന്ധപാത നിർമാണത്തിനുവേണ്ടി പാലത്തിന്റെ അടിഭാഗം ക്യാമ്പ് ഹൗസാക്കി മാറ്റിയതാണ് ദുരിതത്തിനു പ്രധാന കാരണം. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസം മുതൽ കോൺക്രീറ്റ് വരെയുള്ള കാര്യങ്ങളാണ് ഇപ്പോൾ പാലത്തിനടിയിൽ നടക്കുന്നത്.
കഞ്ഞിക്കുഴിയിൽ വന്നിറങ്ങുന്ന യാത്രക്കാർ ഒരുകിലോമീറ്റർ നടന്ന് ഗാന്ധിസ്മാരകത്തിനു സമീപമെത്തിയാണ് റോഡ് മുറിച്ചുകടക്കുന്നത്. കഞ്ഞിക്കുഴി-മുഹമ്മ റോഡിൽനിന്നു വരുന്ന വാഹനങ്ങളും സ്മാരകത്തിനു മുന്നിൽ എത്തിയാണ് ചേർത്തല ഭാഗത്തേക്കു പോകുന്നത്. ഗതാഗതസൗകര്യമില്ലാത്തതിനാൽ കഞ്ഞിക്കുഴി മാർക്കറ്റിന്റെ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. എസ്.എൽ. പുരം സ്കൂളിലേക്കുള്ള വിദ്യാർഥികൾക്ക് സ്കൂളിലേക്കു കടക്കാൻ പ്രയാസമാണ്.
പാലത്തിനടിയിലെ നിർമാണപ്രവർത്തനം നിർത്തി കാൽനടയാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.എൽ. പുരം സ്കൂൾ അധികൃതർ മാരാരിക്കുളം പോലീസിനു പരാതി നൽകി. കഞ്ഞിക്കുഴിയിലെ ഓട്ടോക്കാർക്കും ടാക്സി വാഹനങ്ങൾ ഇടാൻ സ്ഥലമില്ല. ജങ്ഷനിൽത്തന്നെ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്കഴിക്കാൻ പറ്റുന്നില്ല.
വ്യാഴാഴ്ച പോലീസ് സ്റ്റേഷനു മുന്നിൽ അപകടമുണ്ടായി. കാർ പെട്ടെന്നു നിർത്തിയപ്പോൾ ബൈക്ക് പിന്നിൽ വന്നിടിച്ചു. ബൈക്ക് യാത്രക്കാരനു നിലത്തുവീണ് പരിക്കേറ്റു.
Published: 23 Oct 2026, 02:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented