പനച്ചിക്കാട് : അക്ഷരവെളിച്ചം നിറഞ്ഞ ദക്ഷിണമൂകാംബി സരസ്വതി സവിധത്തിലെ വിദ്യാമണ്ഡപം. വിജയദശമിദിനത്തിൽ ബ്രഹ്മമുഹൂർത്തത്തിൽ തന്നെ ആദ്യക്ഷരമെഴുതാൻ കുഞ്ഞുങ്ങളുമായെത്തിയവരുടെ നീണ്ടനിര. പുലർച്ചെ നാലിന് സരസ്വതി മണ്ഡപത്തിൽ പൂജയെടുപ്പ് പൂർത്തിയായതോടെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു.

To advertise here,

 

തലേന്ന് രാത്രിവരെ ശക്തമായമഴ പെയ്തെങ്കിലും വിജയദശമിദിനം അന്തരീക്ഷം തെളിഞ്ഞുനിന്നു. പുലർച്ചെ മുതൽ തുടങ്ങിയ ഭക്തജന തിരക്ക് ഉച്ചകഴിഞ്ഞും തുടർന്നു. വിവിധ സ്ഥലങ്ങളിൽ ഭക്തജനങ്ങൾക്കായി സൗജന്യ പാർക്കിങ് സൗകര്യം, കുടിവെള്ള വിതരണം, പ്രസാദമൂട്ട് വൈദ്യസഹായം എന്നിവ ഏർപ്പെടുത്തിയിരുന്നു. പോലീസ്, അഗ്നിരക്ഷാസേന, ഹരിതകർമസേന, സേവാഭാരതി, സർക്കാർ വകുപ്പുകൾ തുടങ്ങിയവരും സേവനനിരതരായി.

 

പനച്ചിക്കാട് ദേവസ്വം മാനേജർ കെ.എൻ. നാരായണൻ നമ്പൂതിരി കരുനാട്ടില്ലം, അസി. മാനേജർ കെ.വി. ശ്രീകുമാർ കൈമുക്കില്ലം, ഊരാണ്മയോഗം പ്രസിഡന്റ് കെ.എൻ. വാസുദേവൻ നമ്പൂതിരി കൈമുക്കില്ലം, ഊരാണ്മയോഗം സെക്രട്ടറി കെ.എൻ. നാരായണൻ നമ്പൂതിരി കൈമുക്കില്ലം എന്നിവർ നേതൃത്വം നൽകി.