വൈക്കം: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് നടപ്പാക്കുന്നതിനായി പഞ്ചായത്തുതല ഓട്ടോമാറ്റിക് കാലാവസ്ഥാ കേന്ദ്രവും(എ.ഡബ്ല്യൂ.എസ്.) മഴമാപിനിയും സ്ഥാപിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം വിളകളുടെ ഉത്പാദനത്തിൽ വരുന്ന കുറവിന്റെ അനുപാതിക തുക കർഷകന് ലഭിക്കാൻ വഴിതുറക്കുന്ന പദ്ധതിയാണിത്.
കോട്ടയം ജില്ലയിൽ ഒരു ബ്ലോക്കിൽ ഒരു ഓട്ടോമാറ്റിക് കാലാവസ്ഥ കേന്ദ്രമെന്ന നിലയിൽ 11 എ.ഡബ്ല്യൂ.എസ്. ഉം പഞ്ചായത്തുതലത്തിൽ 58 മഴമാപിനികളും സ്ഥാപിക്കുന്നതിനാണ് കേന്ദ്രസർക്കാർ അനുവാദം നൽകിയിരിക്കുന്നത്. 2023-ലാണ് കേന്ദ്രസർക്കാർ കാലാവസ്ഥ ഇൻഫർമേഷൻ നെറ്റ്‌വർക്ക് ആൻഡ് ഡേറ്റാ സിസ്റ്റം(വിൻസ്) മാനുവൽ പ്രസിദ്ധീകരിച്ച് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. ഇതനുസരിച്ചാണ് കാലാവസ്ഥകേന്ദ്രവും മഴമാപിനികളും സ്ഥാപിക്കുന്നത്.
കുമാരനല്ലൂർ, നെടുംകുന്നം, മുണ്ടക്കയം, പാമ്പാടി തുടങ്ങി നാലിടങ്ങളിൽ ഓട്ടോമാറ്റിക് കാലാവസ്ഥ കേന്ദ്രവും 30 പഞ്ചായത്തുകളിൽ മഴമാപിനികളും സ്ഥാപിച്ചു. മഴമാപിനികൾ സ്ഥാപിച്ചിട്ടുള്ള ഉദയനാപുരം, ടി.വി.പുരം, വെള്ളൂർ, അയ്മനം, തിരുവാർപ്പ്, മേലുകാവ് എന്നീ ആറിടത്ത് ടെക്‌നിക്കൽ ജോലികൾ പൂർത്തിയായി ഇതിൽനിന്നുള്ള വിവരങ്ങൾ ലഭിക്കാൻ തുടങ്ങി. ഈ ആറിടത്തും കെട്ടിടങ്ങളുടെ മുകളിലാണ് മഴമാപിനികൾ സ്ഥാപിച്ചിട്ടുള്ളത്. ബാക്കി പുരയിടങ്ങളിൽ സ്ഥാപിക്കുന്നവയുടെ ജോലികളും പുരോഗമിക്കുകയാണ്.
അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പിനി വഴിയാണ് കേരളത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത്. കാലാവസ്ഥ വ്യതിയാനം കാർഷികമേഖലയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥയുടെ മാറ്റം അനുസരിച്ച് കർഷകർക്കുണ്ടാകുന്ന ഉത്പാദന നഷ്ടത്തിനെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
മഴ, ആപേക്ഷികത ആർദ്രത, കാറ്റ്, താപനില എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ വിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്നു. കാലാവസ്ഥ വ്യതിയാനം സംഭവിക്കുമ്പോൾ ഈ കാലാവസ്ഥ കേന്ദ്രങ്ങളിൽനിന്നും മഴമാപിനിയിൽനിന്നുമുള്ള വിവരങ്ങൾ ഓട്ടോമാറ്റിക്കായി അഗ്രികൾച്ചറൽ ഇൻഷുറൻസ് കമ്പനിക്ക് കിട്ടുന്ന മുറയ്ക്ക് ഇൻഷുർചെയ്ത കർഷകരുടെ അക്കൗണ്ടിൽ നഷ്ടപരിഹാരത്തുക ലഭിക്കും.
Published: 23 Sept 2026, 02:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented