പത്തനാപുരം : ഗതാഗതക്കുരുക്ക് കാരണം വീർപ്പുമുട്ടുന്ന പത്തനാപുരം പട്ടണത്തിൽ ചരക്കുവാഹനങ്ങൾ റോഡിന് കുറുകേയിട്ട് ചരക്കിറക്കുന്നത് കൂനിന്മേൽ കുരുവാകുന്നു.
മിക്ക വ്യാപാരസ്ഥാപനങ്ങളുടെയും മുൻപിൽ ചരക്ക് വാഹനങ്ങൾ റോഡിലേക്ക് ഇറക്കി നിർത്തിയിട്ടിരിക്കുന്നത് പതിവുകാഴ്ചയാണ്. പാതയുടെ പകുതിയോളംഭാഗം അപഹരിച്ചു വാഹനം കിടക്കുന്നതിനാൽ സംസ്ഥാന പാതയുടെ ഒരു ഭാഗത്തുകൂടി ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടന്നുപോകേണ്ട സ്ഥിതിയാണ്.
പാതയുടെ ഇരുവശത്തുമുള്ള അനധികൃത പാർക്കിങ് കുരുക്ക് മുറുക്കുന്നു. നെടുമ്പറമ്പ് മുതൽ കല്ലുംകടവ് വരെയുള്ള പാതയിൽ പലയിടത്തും ഓട്ടോ, ടാക്സി സ്റ്റാൻഡുകളും പ്രവർത്തിക്കുന്നുണ്ട്. കച്ചവടസ്ഥാപനങ്ങളിൽ എത്തുന്നവരും ബന്ധുകളിൽ ദീർഘയാത്ര പോകുന്നവരും തങ്ങളുടെ വാഹനങ്ങൾ മണിക്കൂറുകളോളം പാതയോരത്ത് നിർത്തിയിടുന്നു. തിരക്കേറിയ സ്ഥലങ്ങളിൽ വാഹനങ്ങളിൽ വഴിയോരക്കച്ചവടവും പൊടിപൊടിക്കുന്നു. ഇവയ്ക്കെല്ലാം ഇടയിലൂടെ അന്തസ്സംസ്ഥാന ചരക്കുലോറികളും യാത്രാബസുകളും മറ്റ് വാഹനങ്ങളും കടന്നുപോകാൻ പാടുപെടുകയാണ്.
പട്ടണമധ്യത്തിൽ ചരക്കുവാഹനങ്ങളും മറ്റുള്ളവയും നിർത്തിയിടുന്നത് തടയാൻ നടപടിയില്ല. നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. കടകളിൽ ചരക്കിറക്കാൻ വശങ്ങളിൽ മതിയാവോളം സ്ഥലമുണ്ടായിട്ടും റോഡിന് കുറുകേ വാഹനം നിർത്തിയിടുന്നത് തടയാൻ നടപടിയില്ല.
താലൂക്ക് വികസനസമിതി യോഗങ്ങളിൽ ഗതാഗതപരിഷ്‌കരണം മുഖ്യവിഷയമാണെങ്കിലും തീരുമാനങ്ങൾ കടലാസിൽ മാത്രമാണെന്നാണ് ആേക്ഷപം.
മണ്ഡലകാലം വരുന്നതോടെ സ്ഥിതി നിയന്ത്രണാതീതമാകും. ഇതരസംസ്ഥാന അയ്യപ്പഭക്തരുടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായുള്ള ബൈപ്പാസും റിങ് റോഡുമൊക്കെ കടലാസിൽ മാത്രമാണ്. കുരുക്കിന് ഒരുപരിധിവരെ ആശ്വാസമാകുമായിരുന്ന വൺവേ പുനരാരംഭിക്കാനും നടപടിയില്ല.
Published: 23 Sept 2026, 01:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented