കുറിച്ചിത്താനം : കുട്ടി ജനാധിപത്യത്തിന്റെ വേദിയായ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചതോടെ പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം ഊർജിതമാക്കി. തീപ്പൊരി (ടി.എസ്.പി.), മിന്നൽ (എം.എസ്.പി.), ചങ്ക് (സി.എസ്.പി.) എന്നിങ്ങനെ മൂന്ന് പാർട്ടികളും എല്ലാ വാർഡിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കളംനിറഞ്ഞു.

To advertise here,

കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് കുട്ടികളെ യഥാർഥ തിരഞ്ഞെടുപ്പ് പരിചയപ്പെടുത്തുന്ന രീതിയിൽ ഒരുക്കിയിരിക്കുന്നത്.

ഓരോ ക്ലാസിനെയും ഓരോ വാർഡാക്കി. തീപ്പൊരി, മിന്നൽ, ചങ്ക് എന്നിങ്ങനെ മൂന്ന് പാർട്ടികൾക്ക് രൂപംനൽകി. 24-നാണ് തിരഞ്ഞെടുപ്പ്.

ഓരോ പാർട്ടിക്കും പ്രത്യേക പ്രകടനപത്രികയുണ്ട്. ലൈബ്രറിയിൽ കൂടുതൽ കഥാപുസ്തകങ്ങൾ വേണം, ഇടവേളസമയം അഞ്ച് മിനിറ്റ് കൂടുതൽ വേണം, സ്കൂൾ മുറ്റത്ത് കൂടുതൽ ചെടികൾ വേണം തുടങ്ങി കുഞ്ഞുമനസ്സിലെ വലിയ ആഗ്രഹങ്ങളാണ് അതിൽ. മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയും നടത്തി.

ഹരിത ബൂത്ത്

പ്ലാസ്റ്റിക് ഇല്ല, ഫ്ലെക്സ് ഇല്ല. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് ഇലകൾ അടക്കമുള്ളവ ഉപയോഗിച്ച് നിർമിച്ച ബൂത്തിലാണ് വോട്ടിങ്. പോളിങ്ങിന് വോട്ടിങ് യന്ത്രവുമുണ്ട്.

മരങ്ങാട്ടുപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പർമാരും സാക്ഷികളായി എത്തും. അവരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണലും ഫലപ്രഖ്യാപനവും.