മന്ത്രിയുടെ സന്ദർശനത്തിനുപിറകെ ചർച്ച കൊഴുക്കുന്നു
തെന്മല : വിനോദസഞ്ചാര രംഗത്ത് ഒട്ടേറെ സാധ്യതകളുണ്ടായിട്ടും കിഴക്കൻമേഖലയിൽ വികസനമുരടിപ്പ് തുടരുന്നതിൽ വിമർശനം ശക്തമാകുന്നു. പതിറ്റാണ്ടുകൾക്കുമുൻപ് ആരംഭിച്ച പദ്ധതികളല്ലാതെ ജനോപകാരപ്രദമായ ഒറ്റപദ്ധതിപോലും പുതുതായി തെന്മല, ആര്യങ്കാവ്, ഇടമൺ, അച്ചൻകോവിൽ, റോസ്മല തോട്ടംമേഖലകളിലുണ്ടാകുന്നില്ല.
കിഴക്കൻമേഖലയിൽ തെന്മല ഇക്കോ ടൂറിസം, ശെന്തുരുണി ഇക്കോ ടൂറിസം, ആര്യങ്കാവ്, പാലരുവി വെള്ളച്ചാട്ടം, അച്ചൻകോവിൽ കുഭാവുരുട്ടി വെള്ളച്ചാട്ടം എന്നിവ കേന്ദ്രമാക്കി കൂടുതൽ വികസനപദ്ധതികൾ എത്തിക്കുന്നതിനൊപ്പം സമീപപ്രദേശങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. കഴിഞ്ഞദിവസം ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് തെന്മലയിലെത്തിയതിനു പിന്നാലെ വിനോദസഞ്ചാരസാധ്യതകളുമായി ബന്ധപ്പെട്ട ചർച്ചയും കൊഴുക്കുകയാണ്.
കല്ലട അണക്കെട്ടിൽ മലമ്പുഴ മോഡൽ വേണം
തെന്മലയിലെ കല്ലട അണക്കെട്ട് കേന്ദ്രീകരിച്ച് മലമ്പുഴ മോഡലിൽ വികസനപദ്ധതികൾ വേണമെന്ന് വർഷങ്ങളായി ആവശ്യമുണ്ട്. നിത്യേന നൂറുകണക്കിന് വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന അണക്കെട്ടും പരിസരവും ഒട്ടേറെ വികസനപദ്ധതികൾ നടപ്പാക്കാൻ അനുയോജ്യമായ പ്രദേശമാണ്.
സഞ്ചാരികൾക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ, കുട്ടികളുടെ പാർക്ക്, സന്ദർശകർക്കായുള്ള പൂന്തോട്ടങ്ങൾ, പുൽത്തകിടി പാകിയുള്ള വിശ്രമസ്ഥലങ്ങൾ, അണക്കെട്ടിനുകുറുകേ കാഴ്ചകളാസ്വദിക്കാവുന്ന തരത്തിലുള്ള കേബിൾകാർ സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്താനാകും.
അണക്കെട്ടിനോടു ചേർന്ന് ഉപേക്ഷിച്ചനിലയിലുള്ള കെട്ടിടങ്ങൾ നവീകരിച്ച് ജലസേചനവകുപ്പിനുകീഴിൽത്തന്നെ സഞ്ചാരികൾക്ക് താമസസ്ഥലം ഒരുക്കാം. കൂടാതെ പള്ളംവെട്ടി എർത്ത് ഡാം ഭാഗത്ത് നടപ്പാതയുടെ ഇരുവശങ്ങളിൽ സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള സ്ഥലവും വശങ്ങളിൽ തണൽമരങ്ങൾ ഒരുക്കാനുള്ള പദ്ധതികളും ആവശ്യമാണ്.
ലുക്ക്‌ഔട്ട് ഇപ്പോഴും പഴയപടി
കല്ലട അണക്കെട്ടിൽനിന്ന് ഒഴുകിവരുന്ന വെള്ളം സംഭരിച്ചുനിർത്തി വലതുകര, ഇടതുകര കനാലുകൾവഴി ജലസേചനപദ്ധതികൾ ആരംഭിക്കുന്ന ഒറ്റക്കൽ ലുക്ക്ഔട്ട് ഭാഗം പഴയപടിയിൽ തുടരുകയാണ്.
തടയണയോടുചേർന്ന് വർഷങ്ങൾക്കുമുൻപ് പുൽത്തകിടി ഒരുക്കിയഭാഗം വൃത്തിയാക്കി സഞ്ചാരികൾക്ക് വിശ്രമസ്ഥലം ഒരുക്കികൊടുക്കാൻ പദ്ധതികൾവേണമെന്ന് ആവശ്യമുണ്ട്. വ്യൂ പോയിന്റിൽനിന്ന് തടയണയ്ക്കുകുറുകേ വനത്തിന്റെയും തടയണയുടെയും കല്ലടയാറിന്റെയും കാഴ്ചകൾ ആസ്വദിക്കാൻ കേബിൾകാർ സംവിധാനവും ജലസേചനവകുപ്പിനുകീഴിൽ ഒരുക്കാം.
ജില്ലയിലെതന്നെ പ്രധാന വെള്ളച്ചാട്ടമായ ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടത്തിൽ സീസണിൽ ലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന സ്ഥലമാണ്. തിരുവിതാംകൂർ രാജഭരണകാലത്ത് വെള്ളച്ചാട്ടത്തിനുസമീപം സ്ഥാപിച്ച കൽമണ്ഡപം ഇപ്പോഴുമുണ്ട്. ഇതിനുസമീപത്ത് രാജഭരണകാലത്തെ കുതിരാലയത്തിന്റെ അവശേഷിപ്പുകളുമുണ്ട്. ഇതെല്ലാം സംരക്ഷണമില്ലാതെ തകർച്ചയുടെ വക്കിലാണ്.
തീർഥാടന വിനോദസഞ്ചാരപദ്ധതി കടലാസിൽ
അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ ധർമശാസ്താക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള തീർഥാടന വിനോദസഞ്ചാരപദ്ധതി ഇപ്പോഴും കടലാസിലാണ്. കഴുതുരുട്ടിയിൽനിന്ന് പ്രിയ എസ്റ്റേറ്റ് വഴി അച്ചൻകോവിലിലെത്താനുള്ള പാത സഞ്ചാരയോഗ്യമാക്കുന്നതിനൊപ്പം അലിമുക്ക്-അച്ചൻകോവിൽപാതയുടെ നവീകരണവുമാണ് പ്രധാനമായും നടത്തേണ്ടത്.
ചരിത്ര അവശേഷിപ്പുകൾ
ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിലെ പതിമൂന്നുകണ്ണറ റെയിൽവേപ്പാലം കാണുന്നതിന് നൂറുകണക്കിന് സഞ്ചാരികളാണെത്തുന്നത്. എന്നാൽ ഇവർ ദേശീയപാതയിൽനിന്നുവേണം കാഴ്ചകൾ ആസ്വദിക്കാൻ. റെയിൽവേപ്പാലത്തിനോടു ചേർന്നുള്ള പാറയുടെ വശത്ത് സഞ്ചാരികൾക്ക് കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്നതരത്തിലുള്ള പദ്ധതി വേണമെന്ന് വർഷങ്ങളായി ആവശ്യമുണ്ടായിട്ടും നടപ്പിലായിട്ടില്ല.
‘സാധ്യതകൾ പ്രയോജനപ്പെടുത്തണം’
കൂടുതൽ പദ്ധതികൾ നടപ്പാക്കാനായാൽ പ്രദേശത്തിന്റെ വികസനത്തിനൊപ്പം തൊഴിൽസാധ്യതയും വർധിക്കും. ഇത്തരം സാധ്യതകൾ ടൂറിസംവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.
കെ. ശശിധരൻ
ഡി.സി.സി. ജനറൽ സെക്രട്ടറി
Published: 23 Sept 2026, 01:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented