വിദ്യാർഥികൾക്കും എസ്.ഐ.ക്കും പരിക്ക്
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിൽ കെ.എസ്.യു.-എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിൽ സംഘർഷം. വിദ്യാർഥികൾക്കും തലയോലപ്പറമ്പ് എസ്.ഐ. ടി.ആർ. രാജീവിനും പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവങ്ങളുടെ തുടക്കം. കെ.എസ്.യു. യൂണിറ്റ് രൂപവത്കരണ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ജിത്തു എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്യുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ എസ്.എഫ്.ഐക്കാർ വലിയതോതിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് കെ.എസ്.യു. ആരോപിച്ചു. കെ.എസ്.യു. സ്ഥാപിച്ച കൊടിമരം പിഴുതെടുത്ത് പുഴയിൽ എറിഞ്ഞതായും അവർ പറഞ്ഞു.
പരിക്കേറ്റ കെ.എസ്.യു. യൂണിറ്റ് പ്രസിഡൻ്റ് സാന്ദ്രമോൾ സന്തോഷ്, വൈസ് പ്രസിഡൻ്റ് ഷാരോൺ ഷൈൻ, സെക്രട്ടറി ജെ. അന്ന, ജോയിൻ്റ് സെക്രട്ടറി കല്യാണി ബൈജു എന്നിവരെ തലയോലപ്പറമ്പ് ഗവ. എഫ്.എച്ച്.സിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കോൺഗ്രസ് പ്രവർത്തകരും പോലീസും ചേർന്ന് തങ്ങളുടെ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എഫ്.ഐ. ആരോപിച്ചു.
തിരുവനന്തപുരത്ത് വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിൽ പഠിപ്പുമുടക്ക് സമരം നടത്തിയിരുന്നു. രാവിലെ പത്തരയോടെ വിദ്യാർഥികൾ പ്രകടനം നടത്തുന്നതിനിടയിലേക്ക് ജനപ്രതിനിധികൾ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി കല്ലെറിയുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐയുടെ വാദം.
അക്രമത്തെ പ്രതിരോധിച്ച തങ്ങൾക്ക് നേരെ തലയോലപ്പറമ്പ് എസ്.ഐ.യുടെ നേതൃത്വത്തിൽ അകാരണമായി ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
പരിക്കേറ്റ എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം അമലേന്ദുദാസ്, യൂണിറ്റ് സെക്രട്ടറി വന്ദന എസ്. ബിനു, ഏരിയ കമ്മിറ്റി അംഗങ്ങളായ അനഘ തമ്പാൻ, അഭിജിത്ത് എന്നിവർ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.സംഘർഷം നിയന്ത്രിക്കാനുള്ള ശ്രമത്തിനിടയിലാണ് എസ്.ഐ. ടി.ആർ.രാജീവിന് പരിക്കേറ്റത്. തലയോലപ്പറമ്പിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി.
Published: 02 Oct 2026, 02:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented