കോട്ടയം : മുതിർന്നവരുടെ ജീവിതം അറിവിന്റെ അമൂല്യനിധിയാണെന്ന് തിരിച്ചറിഞ്ഞ് കോട്ടയം ചിന്മയ വിദ്യാലയ വിദ്യാർഥികൾ. ജീവിതാനുഭവങ്ങളിൽനിന്ന് അറിവ് പകരുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘വാക്കിങ് സ്റ്റിക്ക്’ എന്ന പരിപാടി തലമുറകൾ തമ്മിലുള്ള ഹൃദയബന്ധത്തിന്റെ പാലമായി. അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ചായിരുന്നു പരിപാടി.

To advertise here,

വിദ്യാലയത്തിന്റെ സമീപപ്രദേശങ്ങളിലെ മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും സന്ദർശിച്ച വിദ്യാർത്ഥികൾ അവരുടെ ജീവിതാനുഭവങ്ങൾ, നാട്ടറിവുകൾ, പാരമ്പര്യ അറിവുകൾ, പഴയകാല ജീവിതരീതികൾ, ഒറ്റമൂലികൾ തുടങ്ങിയവ നേരിട്ട് കേട്ടറിഞ്ഞു. സമീപപ്രദേശങ്ങളിലെ ഇരുപതോളം മുതിർന്ന പൗരന്മാർ ചടങ്ങിൽ പങ്കെടുത്ത് തങ്ങളുടെ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. സ്നേഹസമ്മാനങ്ങൾ കുട്ടികൾ അവർക്ക് നൽകി. ചടങ്ങ് കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. എം.പി. ജോർജ് മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. സുജാത പി. വിദ്യാലയ പ്രസിഡന്റ് എൻ. രാജഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.