77വർഷം മുമ്പുള്ള സർട്ടിഫിക്കറ്റ് നിധിപോലെ സൂക്ഷിച്ച്‌ അന്നമ്മ ടീച്ചർ

To advertise here,

പാലാ: 77 വർഷം മുമ്പ് മികച്ച വിജയത്തോടെ പഠിച്ചു നേടിയ പത്താംക്ലാസ് സർട്ടിഫിക്കറ്റ് 95-ാം വയസ്സിലും കാത്തു സൂക്ഷിക്കുകയാണ് രാമപുരം കൂടത്തിനാൽ പി.എം. അന്ന. നാട്ടുകാരുടെ പ്രിയപ്പെട്ട അന്നമ്മ ടീച്ചർ.

1949-ലാണ് അന്നമ്മ പത്താംക്ലാസ് ഫസ്റ്റ് ക്ലാസോടെ പാലാ സെയ്ന്റ് മേരീസ് ഹൈസ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയത്. തിരുവിതാംകൂർ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ ഇംഗ്ലീഷ് സ്‌കൂൾ ലിവിങ് സ്‌കൂൾ സർട്ടിഫിക്കറ്റാണ് അന്നുള്ളത്. ഇതാണ്‌ ടീച്ചറിന്റെ പക്കലുള്ളത്‌.

മേലമ്പാറ പുളിക്കൽ പരേതരായ മത്തായി-റോസമ്മ ദമ്പതിമാരുടെ മകളാണ്. അന്ന് എട്ടുകിലോമീറ്ററോളം നടന്നാണ് പാലായിലെത്തി പഠിച്ചതെന്ന് അന്നമ്മ ഓർക്കുന്നു. അന്ന് സഹപാഠിയായി ആദ്യകാല നടിയായിരുന്ന മിസ് കുമാരിയുമുണ്ടായിരുന്നു. മേലമ്പാറയിൽനിന്ന് നടന്ന് ഭരണങ്ങാനത്തെത്തുമ്പോൾ മിസ് കുമാരി കാത്തുനിൽപ്പുണ്ടാകും. പിന്നീട് ഒരുമിച്ചായിരിക്കും നടത്തം. 1949-ൽ ഇ.എസ്.എൽ.സി.പരീക്ഷയിൽ പാലാ സെയ്ന്റ് മേരീസ് സ്‌കൂളിൽനിന്ന്‌ ഫസ്റ്റ് ക്ലാസോടെ വിജയിച്ച ഏക കുട്ടിയായിരുന്നു. പിന്നീട് ടി.ടി.സി. പഠിച്ച് ഗവ.സ്‌കൂളുകളിൽ അധ്യാപികയായി.

അധ്യാപകനായ യോഹന്നാനുമായുള്ള വിവാഹത്തോടെ രാമപുരത്തെ കൂടത്തിനാൽ വീട്ടിലെത്തി. പ്രഥമാധ്യാപികയായി രാമപുരം ഗവ.എൽ.പി.സ്‌കൂളിൽനിന്ന് വിരമിച്ചു. പിന്നീട് 10 വർഷത്തോളം രാമപുരം സഹകരണബാങ്കിന്റ ഭരണസമിതിയംഗമായിരുന്നു. ഇപ്പോൾ മകൻ ജോസിനൊപ്പമാണ്‌ താമസം.