നേരേകടവ്-മാക്കേക്കടവ് പാലത്തിന്റെ അനുബന്ധപാതയിൽ ടാറിങ് തുടങ്ങി
വൈക്കം : നേരേകടവ്- മാക്കേക്കടവ് പാലത്തിലൂടെയുള്ള വൈദ്യുതകേബിൾ വലിക്കുന്ന ജോലികളുമായി ബന്ധപ്പെട്ട് പറഞ്ഞവാക്ക് പാലിച്ച് കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബി.യുടെ ജോലികൾ അവസാനിച്ചതോടെ പാലത്തിൽ ടാറിടീൽ ആരംഭിച്ചു.
ബാക്ക് ഫീഡിങ് സൗകര്യമില്ലാത്ത വൈക്കം സെക്‌ഷനിലേക്ക് പുതുതായി വൈദ്യുതകേബിൾ വലിക്കുന്നതുസംബന്ധിച്ച് കെ.എസ്.ഇ.ബി.യും പാലത്തിന്റെ ചുമതലയുള്ള ആലപ്പുഴ ബ്രിഡ്ജസ് വിഭാഗവും തമ്മിൽ തർക്കം നിലനിന്നിരുന്നു. തൈക്കാട്ടുശ്ശേരി സബ്സ്റ്റേഷനിൽനിന്ന് വൈക്കം സ്റ്റേഷനിലേക്ക് അണ്ടർഗ്രൗണ്ട് കേബിൾവഴിയാണ് വൈദ്യുതിയെത്തിക്കുന്നത്.
തർക്കത്തെത്തുടർന്ന് മന്ത്രി മോൻസ് ജോസഫ്, കെ. ബിനിമോൻ എം.എൽ.എ. എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. സെപ്റ്റംബർ 30-നകമാണ് കെ.എസ്.ഇ.ബി.ക്കും ലൈൻവലിക്കുന്നതിന് സമയം അനുവദിച്ചിരുന്നത്. എന്നാൽ, 28-ന് രാത്രി ഇതുസംബന്ധിച്ച ജോലികൾ കെ.എസ്.ഇ.ബി. പൂർത്തീകരിച്ചു. കെ.എസ്.ഇ.ബി. വൈക്കം സബ് സ്റ്റേഷനിൽ നാളിതുവരെ ബാക്ക് ഫീഡിങ് സൗകര്യം ഇല്ലായിരുന്നു. മറ്റ് ജോലികൾ പൂർത്തീകരിക്കുന്നതോടെ വൈക്കം സബ്‌സ്റ്റേഷനിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ തൈക്കാട്ടുശ്ശേരിയിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് പരിഹാരം കണ്ടെത്താൻ സാധിക്കുമെന്നത് വൈക്കത്തിന് വലിയ നേട്ടമായി. നീണ്ട 10 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആലപ്പുഴ- കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേകടവ് പാലം പൂർത്തിയാകുന്നത്.
# ടാറിടീൽ നാലുദിവസത്തിനകം പൂർത്തിയാകും
കെ.എസ്.ഇ.ബി. ജോലികൾ പൂർത്തീകരിച്ചതോടെ നേരേകടവ്- മാക്കേക്കടവ് പാലത്തിന്റെ സമീപനപാതയുടെ ടാറിടീൽ ബുധനാഴ്ച തുടങ്ങി.
നാല് ദിവസത്തിനുള്ളിൽ ടാറിങ് പൂർത്തിയാകും. ശേഷം സുരക്ഷാബോർഡുകൾ സ്ഥാപിക്കൽ, മുന്നറിയിപ്പ് വരകൾ തുടങ്ങിയവ ചെയ്യും.
പാലത്തിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന്റെ അടിഭാഗത്തെ തൂണുകളുടെ പെയിന്റിങ് പൂർത്തിയാകാനുള്ളത് പുരോഗമിക്കുന്നുണ്ട്.
മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി തുടങ്ങിയവരുടെ തീയതി ലഭിച്ചാലുടൻ ഉദ്ഘാടനം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.
Published: 01 Oct 2026, 02:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented