തലയോലപ്പറമ്പ്: താമസിച്ചുപോയോ എന്ന ശങ്കയോടെയാണ് എ.കെ. സുരേന്ദ്രൻ മുറ്റത്തേക്ക് കടന്നത്. പതിവുപോലെ കല്യാണി ഓപ്പോൾ മുറ്റത്തെ കരിയിലകൾ പെറുക്കിമാറ്റുന്നുണ്ട്. അടുക്കളയിൽനിന്ന് പാത്രം കൂട്ടിമുട്ടുന്ന ശബ്ദവും പച്ചക്കറി അരിയുന്നിടത്ത് വിജയലക്ഷ്മിയുടെയും പ്രഭാകരന്റെയുമെല്ലാം തമാശകളും പൊട്ടിച്ചിരികളും ഉയർന്നുകേൾക്കാം.

To advertise here,

സുഖമില്ലാത്ത മകനെയും ചേർത്തിരുത്തി കസേരയിലിരുന്ന ഹൈമവതി, സുരേന്ദ്രനെ കണ്ടതും ചിരിയോടെ പറഞ്ഞു. ‘കൂട്ടുകാരൊക്കെ അകത്തുവന്നിട്ടുണ്ട് വേഗം ചെല്ല്...’ നിറഞ്ഞ സന്തോഷത്തോടെ സുരേന്ദ്രൻ അടുക്കളഭാഗത്തേക്ക് നടന്നു. എഴുപതുംഎൺപതും വയസ്സ് പിന്നിട്ട മുതിർന്ന കുട്ടികളുടെ സന്തോഷത്തിന്റെ കേന്ദ്രമാണിത്. ഇതാണ് കരിപ്പാടത്തെ ആർ.ബി.കെയർ ഫൗണ്ടേഷന്റെ പകൽവീടിനെക്കുറിച്ചുള്ള ആമുഖം.

ഇതിനെ വെറുമൊരു പകൽവീട് എന്ന് വിളിച്ചാൽ ഇവരുടെ സന്തോഷത്തിന്റെ ആഴം പൂർണമാകില്ല. മൂന്നുവർഷംമുമ്പ് ആർ.ബി.കെയർ ചെയർമാൻ പുല്ലുവേലിൽ പി.കെ. രാജുവാണ് സംരംഭം ആരംഭിച്ചത്. മുഖ്യ ചുമതലക്കാരനായി തലയോലപ്പറമ്പ് മുൻ പഞ്ചായത്തംഗം ഡൊമിനിക് ചെറിയാനും ഒപ്പമുണ്ട്.

വി.പി. അജിത്ത് പ്രകാശ്, കെ.എസ്. സാബു എന്നിവരാണ് കെയർടേക്കർമാർ. ദിവസവും എഴുപതിലധികം വയോജനങ്ങളാണ് വിനോദത്തിനും വിശ്രമത്തിനുമായെത്തുന്നത്.

മക്കൾ ജോലിക്കും പേരക്കുട്ടികൾ സ്കൂളിലും പോകുമ്പോഴുണ്ടാകുന്ന വിരസതയും ഒറ്റപ്പെടലും ഒഴിവാക്കാൻ വിവിധ പഞ്ചായത്തുകളിലുള്ള വയോജനങ്ങളാണ് ഇവിടെയെത്തുന്നത്.

​രാവിലെ 10 മണിയോടെ എത്തുന്നവരെല്ലാം ചേർന്ന് പാചകം തുടങ്ങും. നാട്ടുവാർത്തകളുടെ തത്സമയ സംപ്രേക്ഷണം കൂടിയാണ് ആ അടുക്കളയിൽ നടക്കുന്നത്. രാവിലെ ചായയും ചെറുകടിയും ഉണ്ടാകും. കരിപ്പാടം സ്വദേശിനി കെ.ബി. സ്മിതയും മറ്റു രണ്ട്‌ സഹായികളും വയോജനങ്ങൾക്കുകൂട്ടായി കൂടെയുണ്ട്. ഉച്ചയ്ക്ക് 12.30 മുതൽ രണ്ടുമണിവരെ ഊണ്.

സാമ്പാർ, അവിയൽ, തോരൻ എന്നിവയടക്കം അഞ്ചുകൂട്ടം കറികളോടുകൂടിയാണ് ഉച്ചഭക്ഷണം.ആഴ്ചയിൽ മൂന്നുദിവസം മീൻകറിയും ഒരുദിവസം ഇറച്ചിക്കറിയും.നാൽപ്പതോളം പേരാണ് ദിനവും ഇവിടെനിന്ന് ഉച്ചഭക്ഷണം കഴിക്കുന്നത്.​ഭക്ഷണത്തിനുശേഷം വൈകീട്ടുവരെ ടെലിവിഷൻ കാണാം. ചെസ്, ചീട്ടുകളി തുടങ്ങിയ വിനോദങ്ങൾ. പിന്നെ വിശ്രമം.രാഷ്ട്രീയം മുതൽ നാട്ടുകാര്യങ്ങൾവരെയും പഴയ പ്രണയങ്ങൾ മുതൽ അടുക്കളയിലെ പുതിയ വിഭവങ്ങൾവരെയും ഇവിടെ ചർച്ചയാകാറുണ്ട്.

അവധി ദിവസങ്ങളിൽ ഇവരെല്ലാം കുടുംബത്തോടൊപ്പം വീടുകളിൽ ചെലവഴിക്കും.വൈകീട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങുന്ന ഇവർ തിരികെ കൊണ്ടുപോകുന്നത് അടുത്ത ദിവസത്തേക്കുള്ള ഊർജമാണ്.

പ്രായാധിക്യം മൂലമുണ്ടാകുന്ന മറവിയെയും ശരീരവേദനകളെയും ഇവർ സൗഹൃദത്തിന്റെ മരുന്നുകൊണ്ട് തോൽപ്പിക്കുന്നു.

ചെറിയ ജോലികൾ ചെയ്യുന്നത് സന്തോഷമാണ്.

രാവിലെ ഒൻപതുമണിയോടെ എത്തും. പച്ചക്കറി അരിയാനും പാത്രങ്ങൾ കഴുകാനും എല്ലാവർക്കുമൊപ്പംചേരും. വർത്തമാനങ്ങളൊക്കെ പറഞ്ഞ് ചെറിയ ജോലികൾ ചെയ്യുന്നത് സന്തോഷമാണ്.

- കല്യാണി, ഐക്കരശ്ശേരിൽ

എല്ലാവർക്കും മാനസികോല്ലാസം

ഇവിടെ സമപ്രായക്കാർക്കൊപ്പം ഉള്ളുതുറന്ന് സ്വാതന്ത്ര്യത്തോടെ എന്തുംപറയാം.അതെല്ലാവർക്കും മാനസികോല്ലാസം നൽകുന്നു.

എസ്.എൻ. രാജേന്ദ്രൻ

ശാസ്താംപറമ്പിൽ

വിനോദയാത്രയും ഉണ്ടാകും

തലയോലപ്പറമ്പ്, മറവൻതുരുത്ത്, വെള്ളൂർ, ചെമ്പ് പഞ്ചായത്തുകളിലെ വയോജനങ്ങൾക്ക് ആവശ്യമായ മരുന്നുകളും ഇവിടെനിന്ന് സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.ഈ വർഷം പകൽവീട്ടിലെ അംഗങ്ങളുമായി ഒരു വിനോദയാത്ര ആലോചിക്കുന്നുണ്ട്.

- പി.കെ. രാജു. പുല്ലുവേലിൽ

ചെയർമാൻ, ആർ.ബി. കെയർ ഫൗണ്ടേഷൻ