വൈക്കം : റിഫ്ലക്ടറിനോട് ഇത്ര വിരോധം ആർക്കാണാവോ....അതോ ഡ്രൈവിങ് അറിയാത്ത ആർക്കെങ്കിലും കൈപ്പിഴ പറ്റുന്നതാണോ... വേറൊന്നുമല്ല ഒരു റിഫ്ളക്ടറുതന്നെ തുടർച്ചയായി തകരുന്നതുകണ്ടാണ് ചോദിക്കേണ്ടിവരുന്നത്‌-

To advertise here,

കിഴക്കേനട സ്വദേശി ആർ. സുരേഷിന്റെ വാക്കുകളാണിത്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിൽനിന്നു പടിഞ്ഞാറെ നടയിലേക്ക് തിരിയുന്ന വളവിൽ പൊതുമരാമത്തുവിഭാഗം സ്ഥാപിച്ച റിഫ്‌ളക്ടർ വീണ്ടും അജ്ഞാത വാഹനമിടിച്ച് തകർന്നു. ഈ വഴി വരുന്ന വലിയ വാഹനങ്ങൾ തട്ടി വൈക്കം ക്ഷേത്രത്തിലെ പത്തായപ്പുരയുടെ മേൽക്കൂരയ്ക്ക് കേടുപാട് വന്ന സാഹചര്യത്തിലാണ് മരാമത്തുവിഭാഗം ഇവിടെ അതിർത്തിക്കല്ലും റിഫ്‌ളക്ടറും സ്ഥാപിച്ചത്.

മുൻപ് മൂന്ന് പ്രാവശ്യം വാഹനമിടിച്ച് റിഫ്‌ളക്ടറും അതിർത്തിക്കല്ലും തകർന്ന സാഹചര്യത്തിൽ കൂടുതൽ ബലപ്പെടുത്തിയിരുന്നു. ദളവാക്കുളം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങളും ചേർത്തല ആലപ്പുഴ ഭാഗത്തുനിന്നു വൈക്കം ടൗണിലേക്ക് വരുന്നതും ഈ വഴിയാണ്. ഇവിടെ വലിയ വാഹനങ്ങൾക്ക് വൺവേ സംവിധാനം നിലവിലുണ്ടങ്കിലും പാലിക്കപ്പെടുന്നില്ല. മഹാദേവക്ഷേത്രത്തിലെ പത്തായപ്പുരയുടെ മേൽക്കൂരയിലെ കഴുക്കോലും പട്ടികയും ഓടും ഏതുനിമിഷവും താഴെ പതിക്കാവുന്നനിലയിലാണ്. ദേവസ്വം അധികൃതർ ഇടപെട്ട് ഇവിടെ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചാൽ പത്തായപ്പുരയുടെ മേൽക്കൂരയ്ക്ക് കേടുവരുത്തുന്നതും റിഫ്‌ളക്ടർ നശിപ്പിക്കുന്നതുമായ വാഹനങ്ങൾ കണ്ടെത്താനും സാധിക്കും.