ചെട്ടികുളങ്ങര : കരിപ്പുഴത്തോട്ടിലെ ചെളിയും മണലും നീക്കി ആഴംകൂട്ടുന്ന പദ്ധതിക്കു തുടക്കമായി. 50 ലക്ഷം രൂപ മുടക്കി തോടിന്റെ ഉദ്‌ഭവസ്ഥാനമായ കുത്തുകുഴി മുതൽ ചുങ്കുപാടം വരെയുള്ള ഭാഗമാണ് ഒന്നാംഘട്ടത്തിൽ ആഴംകൂട്ടുന്നത്.

To advertise here,

ചുങ്കുപാടം മുതൽ പത്തിയൂർ വരെയുള്ള ഭാഗത്തിന്റെ ആഴംകൂട്ടാനായി 50 ലക്ഷം രൂപയുടെ രണ്ടാംഘട്ട പദ്ധതിയും ടെൻഡർ ആയിട്ടുണ്ട്. 11 കിലോമീറ്ററുള്ള കരിപ്പുഴത്തോടിന്റെ ആഴംകൂട്ടുന്നത് പ്രദേശത്ത് വെള്ളപ്പൊക്കം നിയന്ത്രിക്കാനും 4,000 ഏക്കറോളം വരുന്ന പുഞ്ചക്കൃഷിക്കും സഹായകമാകും. ചെറുകിട ജലസേചന വകുപ്പ് കായംകുളം അസി. എൻജിനിയറുടെ കാര്യാലയത്തിനാണ് നടത്തിപ്പു ചുമതല.

ചെട്ടികുളങ്ങര പഞ്ചായത്തിലെ കുത്തുകുഴിയിൽ അച്ചൻകോവിലാറ്റിൽനിന്ന് ഉദ്‌ഭവിച്ച് കായംകുളം കായലിൽ പതിക്കുന്ന കരിപ്പുഴത്തോട്ടിൽ ചെളിയും മണ്ണും നിറഞ്ഞ് നീരൊഴുക്കു തടസ്സപ്പെടുന്നത് സമീപപ്രദേശങ്ങളിൽ അടിക്കടി വെള്ളപ്പൊക്കത്തിനു കാരണമായിരുന്നു.

ചെട്ടികുളങ്ങര, പള്ളിപ്പാട്, ചേപ്പാട്, പത്തിയൂർ പഞ്ചായത്തുകളിലായി 4,000 ഏക്കറോളം വരുന്ന പുഞ്ചക്കൃഷിയെയും ഇതു ബാധിച്ചിരുന്നു. പരിഹാരമായി തോടിന്റെ ആഴംകൂട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. ഇപ്പോഴത്തെ പദ്ധതിപ്രകാരം രണ്ടടിയാണ് ആഴംകൂട്ടുന്നത്. രണ്ടു ഹിറ്റാച്ചി യന്ത്രങ്ങളുടെ സഹായത്തോടെ ഒരുമാസംകൊണ്ട് ഒന്നാംഘട്ടം ആഴംകൂട്ടൽ പദ്ധതി പൂർത്തിയാകും. തുടർന്ന്, രണ്ടാം ഘട്ടം തുടങ്ങും.

2015-നുശേഷം കരിപ്പുഴത്തോട്ടിൽനിന്ന് മണലും ചെളിയും നീക്കിയിട്ടില്ല. 2018-ലെ വെള്ളപ്പൊക്കത്തോടെ മണലടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു.

കഴിഞ്ഞമാസമാദ്യം കരിപ്പുഴത്തോടിനു സമീപമുള്ള പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാകുകയും 500-ഓളം വീടുകളിൽ വെള്ളംകയറുകയും ചെയ്തിരുന്നു. കരിപ്പുഴ പാലത്തിനു തെക്ക് വലിയതോതിൽ മാലിന്യമടിഞ്ഞ് ഒഴുക്ക്‌ തടസ്സപ്പെട്ടു. ആഴംകൂട്ടൽ പൂർത്തിയാകുന്നതോടെ ഉള്ളിട്ടപുഞ്ച, മരത്തേരി പാടശേഖരങ്ങളിൽ വെള്ളംവറ്റിച്ച് നേരത്തേ കൃഷിയിറക്കാനും വേനൽമഴയ്ക്കു മുൻപായി കൊയ്തെടുക്കാനും സാധിക്കും.

മഴക്കാലത്ത് അച്ചൻകോവിലാറ്റിലെ അധികജലം കരിപ്പുഴത്തോടു വഴി കായംകുളം കായലിലേക്ക് ഒഴുക്കിവിട്ട് പ്രദേശത്തെ വെള്ളപ്പൊക്കം നിയന്ത്രിക്കാനുമാകും.

മണൽ ബണ്ടുനിർമാണത്തിന് ഉപയോഗിക്കും

:കരിപ്പുഴത്തോട്ടിൽനിന്നു നീക്കുന്ന മണലും ചെളിയും കരിപ്പുഴ പാലത്തിനു തെക്ക്‌ തോടിന്റെ കിഴക്കേക്കരയിൽ ബണ്ട് നിർമിക്കുന്നതിന് ഉപയോഗിക്കും. ആഴംകൂട്ടൽ പദ്ധതിയിൽ ഇതും ഉൾപ്പെടുത്തിയിട്ടുണ്ട്. ബണ്ട് ബലപ്പെടുത്തുന്നത് ചെട്ടികുളങ്ങര എട്ടാം ബ്ലോക്കിൽപ്പെട്ട കണ്ണമംഗലം പുഞ്ചയിലെ കൃഷിക്ക് സഹായകമാകും.

ഇവിടെ ബണ്ടുമുറിഞ്ഞ് വെള്ളം കണ്ണമംഗലം പാടത്തും സമീപപ്രദേശത്തെ വീടുകളിലും കയറാറുണ്ട്. കഴിഞ്ഞവർഷം ഇവിടെ കൃഷി മുടങ്ങി. തോടിന്റെ പടിഞ്ഞാറേക്കരയിൽ എട്ടുകോടിരൂപ മുടക്കി കൽക്കെട്ട് നിർമിക്കുന്ന പണികളും പുരോഗമിക്കുന്നു.