​തലയോലപ്പറമ്പ്: പുനർജനിയേകാൻ എൺപതാംവയസ്സിലും വിശ്രമമില്ലാതെ ശശിധരൻ വാളവേലിൽ. മൂന്നുപതിറ്റാണ്ടായി തന്റെ ഗ്രാമത്തിന്റെ വികസനസ്വപ്നങ്ങൾ മനസ്സിൽ കൊണ്ടുനടക്കുകയാണ് ഈ മുതിർന്ന കർഷകൻ. പ്രദേശത്തെ കാർഷികമേഖലയ്ക്ക് പുതുജീവൻ നൽകാനായി കോടികൾ ചെലവ് പ്രതീക്ഷിക്കുന്ന ബൃഹത്തായ വികസന രൂപരേഖയും തയ്യാറാക്കി അധികാരികളുടെ ശ്രദ്ധയിൽകൊണ്ടുവന്നു.

To advertise here,

​നൂറുവർഷങ്ങൾക്കു മുൻപ് ശ്രീനാരായണഗുരു മാത്താനം ദേവീക്ഷേത്രം സന്ദർശിക്കാനായി വള്ളത്തിൽ സഞ്ചരിച്ചത് തെളിനീരൊഴുകിയിരുന്ന കുറുന്തറപ്പുഴയിലൂടെയായിരുന്നു. നീരൊഴുക്കുനിലച്ച പുഴയും കരിക്കനാലും വീണ്ടെടുക്കുന്നതിലൂടെ 17 ബ്ലോക്കുകളിലായി 1700 ഏക്കർ പാടശേഖരത്തിൽ ഇരിപ്പൂ നെൽകൃഷി സാധ്യമാക്കുകയാണ് ലക്ഷ്യം.

വടക്കേപുതുശ്ശേരി, നടുക്കരി, പാറ എന്നീ ബ്ലോക്കുകളിലെ പുറംബണ്ടുകളുടെ ഉയരംകൂട്ടി സംരക്ഷിക്കുന്നതിലൂടെ പഴമ്പെട്ടിയിലും സമീപ പ്രദേശങ്ങളിലും വർഷകാലത്തുണ്ടാകുന്ന രൂക്ഷമായ വെള്ളപ്പൊക്കത്തിന് പരിഹാരമാകും.

​സംസ്ഥാന ഫണ്ടുകൾകൊണ്ടുമാത്രം പൂർത്തിയാക്കാൻ കഴിയാത്ത ഈ ബൃഹത്തായ പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന ജലവിഭവ, കൃഷിമന്ത്രിമാർക്ക് നിവേദനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

 ഇതിനായി തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്തും, കടുത്തുരുത്തി ബ്ലോക്ക്പഞ്ചായത്തും, ജില്ലാ  പഞ്ചായത്തും പ്രമേയം പാസാക്കി.

മന്ത്രി അഡ്വ.മോൻസ് ജോസഫിന് നിവേദനവും, ത്രിതല പഞ്ചായത്തുകൾ പാസാക്കിയ പ്രമേയവും ശശിധരൻ നേരിട്ട് നൽകി. 

​ഒൻപതാം വയസ്സിൽ പാടത്ത് ചക്രംചവിട്ടി തുടങ്ങി മണ്ണിന്റെ മണംതൊട്ടറിഞ്ഞു വളർന്ന ശശിധരൻ യഥാർത്ഥ കർഷകന്റെ പ്രതീകമാണ്. കോലത്താർ പാടശേഖരസമിതി ഭാരവാഹിയായും 14 വർഷത്തോളം വടയാർ കാർഷിക സഹകരണസംഘം ബോർഡ് മെമ്പറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തലയോലപ്പറമ്പിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻകൂടിയായ വി.കെ. ശശിധരന്റെ ഈ സ്വപ്നപദ്ധതിക്ക് പൂർണ പിന്തുണയുമായി കെ. ബിനിമോൻ എം.എൽ.എയും പ്രദേശവാസികളും കൈകോർത്തുകഴിഞ്ഞു.