ചെയർമാൻ ഇടപെട്ടു; നഗരത്തിൽനിന്നുള്ള വാഹനങ്ങൾക്ക് പ്രത്യേക വഴിയൊരുക്കാൻ തീരുമാനം
ചേർത്തല : നഗരത്തിന്റെ തെക്കൻ പ്രവേശനകവാടമായ എക്സ്-റേ കവലയിൽ ഗതാഗതസംവിധാനങ്ങൾ അടിമുടി പാളി. ഗതാഗതക്കുരുക്കിനൊപ്പം അപകടസാധ്യതയും ഏറി. എറണാകുളം ഭാഗത്തേക്കാണ് വലിയ കുരുക്ക്. മതിലകവും കടന്നാണ് വാഹനങ്ങളുടെ നിര നീളുന്നത്. ആംബുലൻസുകൾക്കടക്കം കവലകടക്കൽ വലിയ വെല്ലുവിളിയായി. ആലപ്പുഴ ഭാഗത്തേക്കും കുരുക്കു മുറുകിത്തന്നെയാണ്. ഇവിടെയും നിര പോലീസ് സ്റ്റേഷൻവരെ പലപ്പോഴും നീളുന്നുണ്ട്.
വളവിൽ അപകടം പതിയിരിക്കുന്നു
: ആലപ്പുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ നഗരത്തിലേക്കു പ്രവേശിക്കുന്നതിനായി വളയുന്ന ഇടത്ത് അപകടം പതിയിരിക്കുകയാണ്. റോഡിന്റെ കിഴക്കുവശത്ത് പുതുതായി നിർമിച്ച സർവീസ് റോഡ് പഴയ പാതയെക്കാൾ താഴെയാണ്. ഇതു കവലയിൽ എത്തുമ്പോൾ മാത്രമാണ് ഉയരത്തിലേക്കെത്തുന്നത്. ഉയരത്തിലൂടെ വളയുന്ന വാഹനങ്ങളെ കാണാനോ മറിച്ചു വളയുന്ന വാഹനങ്ങൾക്ക് സർവീസ് റോഡുവഴി വരുന്ന വാഹനങ്ങളെ കാണാനോ ആകാത്ത സ്ഥിതിയാണ്. നിലവിൽ ഭാഗ്യംകൊണ്ടു മാത്രമാണ് അപകടങ്ങളകലുന്നത്. സ്ഥിരം പോലീസ് സാന്നിധ്യവും സൂചനാ ബോർഡുകളോ താത്കാലിക ലൈറ്റുകളോ മാത്രമാണ് പരിഹാരം.
: നഗരത്തിൽനിന്ന് ദേശീയപാതയിൽ എറണാകുളം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾക്ക് പ്രത്യേക വഴിയൊരുക്കാൻ തീരുമാനം. നിലവിൽ പൂർത്തിയായ ഉയരപ്പാതാ തൂണുകളുടെ തെക്കുഭാഗത്തുകൂടി താത്കാലികമായി പ്രത്യേക പാതയുണ്ടാക്കിയാണ് പരിഹാരം കാണുക.
നഗരസഭാ ചെയർമാൻ എസ്. സോബിൻ ഇടപെട്ട് കരാർക്കമ്പനി അധികൃതരുമായി നടത്തിയ ചർച്ചകളെത്തുടർന്നാണ് തീരുമാനം. ഇതിനായി സ്ഥലത്തെത്തി പരിശോധന നടത്തി. നിലവിൽ നഗരത്തിൽനിന്നുള്ള വാഹനങ്ങൾക്ക് എറണാകുളം ഭാഗത്തേക്കു പോകാൻ രണ്ടരക്കിലോമീറ്റർ കുരുക്കിൽ മതിലകത്തെത്തിവേണം വളയാൻ. ഇതിനാണ് പ്രത്യേക പാത.
കവലയിൽ സർവീസ് റോഡിന്റെ ആഴം കാഴ്ചമറയ്ക്കുന്നതിനു പരിഹാരം കാണാൻ പോലീസ് ഡ്യൂട്ടി നിർബന്ധമാക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.
പോളിടെക്‌നിക്കിന്റെ ഭാഗത്ത് വിദ്യാർഥികൾക്ക് പൊടിശല്യം പരിഹരിക്കാൻ ടാർചെയ്ത് രണ്ടുതവണ വെള്ളമൊഴിക്കാനും ധാരണയായി.
Published: 08 Sept 2026, 02:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented