വൈക്കം : വൈക്കം നഗരത്തിലെ പ്രവർത്തനരഹിതമായ സി.സി.ടി.വി. ക്യാമറകൾ നന്നാക്കാൻ നടപടിയില്ല. 42 സി.സി.ടി.വി. ക്യാമറകളിൽ 39 എണ്ണവും പ്രവർത്തിക്കുന്നില്ല.
എന്തെങ്കിലും ആവശ്യത്തിന് ക്യാമറകൾ പരിശോധിക്കേണ്ടിവരുന്ന സമയത്ത് സ്വകാര്യവ്യക്തികളുടെയും വ്യാപാര സ്ഥാപനങ്ങളിലെയും ക്യാമറകളെയാണ് പോലീസ് ആശ്രയിക്കുന്നത്. നഗരത്തിലെ തിരക്കേറിയ വലിയ കവല, ലിങ്ക് റോഡ്, ബോട്ടുജെട്ടി, ആശുപത്രി, നടപ്പാലം, ബീച്ച് തുടങ്ങിയ പ്രദേശങ്ങളിൽ അടക്കമുള്ള ക്യാമറകളാണ് പ്രവർത്തിക്കാത്തത്. വളരെ ദൂരത്തിലുള്ളതും വ്യക്തമായി കാണാൻ കഴിയുന്നതുമായ നിരീക്ഷണശേഷിയുള്ള ക്യാമറകളാണ് നഗരത്തിലുണ്ടായിരുന്നത്. ബീച്ചിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലൂടെ വേമ്പനാട്ട് കായലിനക്കരെ തവണക്കടവിൽനിന്ന് ബോട്ടിൽ കയറുന്നവരുടെ ദൃശ്യങ്ങൾവരെ കാണാൻ കഴിയുമായിരുന്നു. ക്യാമറകൾ കണ്ണടച്ചു, മാസങ്ങൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല. ചില സ്ഥലങ്ങളിൽ ക്യാമറ പിടിപ്പിക്കാൻ സ്ഥാപിച്ച തൂണുകൾ മാത്രമാണുള്ളത്. ക്യാമറതന്നെ അപഹരിച്ചു. സി.കെ. ആശ എം.എൽ.എ.യുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് അനുവദിച്ച തുകകൊണ്ടാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമറ സ്ഥാപിച്ചത്.
പ്രയോജനപ്രദമായിരുന്നു, ഇപ്പോളില്ല
നഗരത്തിൽ ക്യാമറ സ്ഥാപിച്ചതോടെ കുറ്റകൃത്യങ്ങളുടെ എണ്ണവും കുറഞ്ഞിരുന്നു. വിവിധ പ്രദേശങ്ങളിൽ നടക്കുന്ന അപകടങ്ങളുടെ വിവരങ്ങൾ മനസ്സിലാക്കുന്നതിനും മോഷ്ടാക്കളെ കണ്ടെത്തുന്നതിനും ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങൾ പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ക്യാമറകൾ തകരാറിലായതോടെ സാമൂഹിക വിരുദ്ധരുടെ ശല്യവും കൂടുന്നു. സി.സി.ടി.വി.യും കൺട്രോളിങ് യൂണിറ്റും ഉൾപ്പെടെ ക്യാമറയുടെ നിയന്ത്രണം വൈക്കം പോലീസ് സ്റ്റേഷനിലായതിനാൽ അപകടം സംഭവിക്കുമ്പോൾ സ്ഥലത്തെത്താനും രക്ഷാപ്രവർത്തനം നടത്താനും സാധിച്ചിരുന്നു. അഷ്ടമി വരുമ്പോൾ ചേരുന്ന അവലോകനയോഗങ്ങളിൽ ക്യാമറകൾ പ്രവർത്തന സജ്ജമാക്കണമെന്ന പോലീസിന്റെ ആവശ്യപ്രകാരം ക്യാമറകൾ നന്നാക്കും. പിന്നീട് മിഴിയടയ്ക്കുന്നത് അടുത്ത അഷ്ടമിക്കാലംവരെ അങ്ങനെതന്നെ തുടരും. ഒരാഴ്ചമുമ്പ് ശൗചാലയമാലിന്യം കയറ്റിയ വാഹനം വൈക്കത്തെത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗവും പോലീസും രാത്രി മുഴുവൻ കാത്തിരുന്നു. എങ്കിലും വാഹനം കണ്ടെത്താനായില്ല. സി.സി.ടി.വി. പ്രവർത്തിച്ചിരുന്നെങ്കിൽ നിരീക്ഷണം കാര്യക്ഷമമാക്കാമായിരുന്നെന്നാണ് ജീവനക്കാരും പോലീസും പറയുന്നത്.
ചലിക്കുന്ന നിരീക്ഷണ ക്യാമറ
: മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനായി നഗരത്തിൽ ഉടൻതന്നെ ചലിക്കുന്ന നിരീക്ഷണ ക്യാമറ സ്ഥാപിക്കും. ഇതിന്റെ കൺട്രോൾ യൂണിറ്റ് നഗരസഭയിലാകും. ഇത് ഒരിടത്തുതന്നെ സ്ഥാപിച്ചുവെയ്ക്കില്ല. സ്ഥാനം മാറിക്കൊണ്ടേയിരിക്കും. ഇതിലൂടെ പിടിവീഴുന്ന നിയമലംഘകർക്കെതിരേ ശക്തമായ നടപടിയുണ്ടാകും.
- അബ്ദുൾസലാം റാവുത്തർ, ചെയർമാൻ, വൈക്കം നഗരസഭ
Published: 07 Sept 2026, 02:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented