സ്കൂൾമതിലിനപ്പുറം ആനത്തറിയിലെ മാലിന്യക്കൂമ്പാരം
പരിഹരിക്കുമെന്ന് അധികൃതർ
ഹരിപ്പാട് : ഗവ. ഗേൾസ് സ്‌കൂൾ മതിലിനപ്പുറത്ത് മദപ്പാടുള്ള ആനയെ തളച്ചിട്ട് എട്ടുമാസമാകുന്നു. ആനയ്ക്കു നൽകുന്ന ഭക്ഷണത്തിന്റെ അവശിഷ്ടവും മറ്റും കൂടിക്കിടക്കുകയാണ്. ഈ ദുർഗന്ധം കുട്ടികൾക്ക് ഛർദിയും ചുമയും തുടങ്ങി പലവിധ ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. പരാതിപറഞ്ഞു മടുത്തപ്പോൾ കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം ചേർന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഓഫീസ് ഉപരോധിച്ചു. അടുത്ത ദിവസംതന്നെ മാലിന്യം നീക്കാമെന്ന് ഉറപ്പു ലഭിച്ചതിനാലാണ് പ്രതിഷേധക്കാർ പിൻവാങ്ങിയത്.
ഹരിപ്പാട് ക്ഷേത്രത്തിലെ ആനത്തറി ഗേൾസ് സ്‌കൂളിനോടു ചേർന്നാണ്. ഇവിടെയാണ് ക്ഷേത്രത്തിലെ കൊമ്പൻ സ്‌കന്ദനെ തളച്ചിരിക്കുന്നത്. ആനയെ പരിചരിക്കാൻ രണ്ടു പാപ്പാന്മാരുണ്ട്. എന്നാൽ, മദപ്പാടായതിനാൽ മാലിന്യം നീക്കാൻ ഇവർ തയ്യാറാകുന്നില്ല. ആനത്തറിയുടെ പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നു. ആനത്തറിയിൽ മാലിന്യക്കൂമ്പാരവും. ഓരോ ദിവസം കഴിയുന്തോറും കുട്ടികൾക്ക് ക്ലാസിലിരിക്കാൻ കഴിയാത്ത സ്ഥിതിയാകുകയാണ്. രണ്ടുവർഷത്തിലധികമായി വിദ്യാർഥികൾ ഇതുസംബന്ധിച്ച് പരാതിപറയുന്നുണ്ട്. അലർജിയുടെ ബുദ്ധിമുട്ടുള്ള കുട്ടികൾ സ്‌കൂളിലെ പഠനം അവസാനിപ്പിച്ചു പോകുന്നതും പതിവാണ്.
പ്രഥമാധ്യാപികയും പ്രിൻസിപ്പലും പി.ടി.എ.യും എസ്.എം.സി.യും ചേർന്ന് ആഭ്യന്തരമന്ത്രിക്കും കളക്ടർക്കും ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർക്കും നഗരസഭാ ആരോഗ്യവിഭാഗത്തിനും പരാതി നൽകിയിരുന്നു. നടപടിയൊന്നുമുണ്ടായില്ല. ഇതേത്തുടർന്നാണ് തിങ്കളാഴ്ച പ്രഥമാധ്യാപിക ചന്ദ്രിക, പി.ടി.എ. പ്രസിഡന്റ് പ്രദീപ് താമല്ലാക്കൽ എന്നിവരുടെ നേതൃത്വത്തിൽ പി.ടി.എ. അംഗങ്ങളും അധ്യാപകരും വിദ്യാർഥികളും ചേർന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെത്തിയത്. പ്രശ്‌നം പരിഹരിക്കാതെ പിൻവാങ്ങില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രതിഷേധക്കാർ. നഗരസഭാ ഉപാധ്യക്ഷൻ എം.ബി. അനിൽമിത്ര ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറുടെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് അടുത്തദിവസം തന്നെ മാലിന്യം നീക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയത്.
ഉറപ്പുപാലിച്ചില്ലെങ്കിൽ സമരം ശക്തമാക്കും
:മാലിന്യം ഉടനേ നീക്കാമെന്ന ഉറപ്പുപാലിച്ചില്ലെങ്കിൽ സ്‌കൂളിലെ മുഴുവൻ കുട്ടികളുമായി സമരത്തിനിറങ്ങാനാണ് തീരുമാനം. അന്താരാഷ്ട്ര നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളാണ്. ആയിരത്തോളം പെൺകുട്ടികൾ പഠിക്കുന്നു. ഈ സാഹചര്യത്തിൽ സുരക്ഷിതമായി പഠിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനു പകരം കുട്ടികളെ ദ്രോഹിക്കുന്ന നിലപാടാണ് ദേവസ്വം അധികൃതർ സ്വീകരിക്കുന്നതെന്ന് പി.ടി.എ. ഭാരവാഹികൾ പറയുന്നു. ബുധനാഴ്ച ദേവസ്വം മന്ത്രിയെ കണ്ട് പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികൾ ഒപ്പുവെച്ച പരാതി ബാലാവകാശ കമ്മിഷനും കാർത്തികപ്പള്ളി ലീഗൽ സർവീസ് കമ്മിറ്റിക്കും നൽകും.
Published: 08 Sept 2026, 02:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented