ചാരുംമൂട് : ചുനക്കര, നൂറനാട്, താമരക്കുളം പഞ്ചായത്തുകളിൽ ആഫ്രിക്കൻ ഒച്ചുശല്യം രൂക്ഷമായി. ചുനക്കര പഞ്ചായത്തിലെ കരിമുളയ്ക്കൽ ഭാഗത്തും താമരക്കുളം പഞ്ചായത്തിലെ കണ്ണനാകുഴി ഭാഗത്തും നൂറനാട് പഞ്ചായത്തിലെ പുലിമേൽ ഭാഗത്തും ഭരണിക്കാവ് പഞ്ചായത്തിലെ വെട്ടിക്കോടു ഭാഗത്തുമാണ് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായിട്ടുള്ളത്. നൂറനാട് പഞ്ചായത്തിലെ പുതുപ്പള്ളികുന്നം തെക്ക് വാർഡിലും ഒച്ചുകളെ കണ്ടുതുടങ്ങി. നൂറനാട്-ചുനക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുലിമേൽ ബണ്ട് റോഡിലും ഒച്ചുകളെ കൂട്ടമായി കാണാം. രാത്രിയിൽ ശേഖരിക്കുന്ന ഒച്ചുകളെ ഉപ്പുവിതറി കൊല്ലുകയാണു നാട്ടുകാർ ചെയ്തുന്നത്.
ജൈവാവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കുകയും കാടുകയറിക്കിടക്കുന്ന പറമ്പുകൾ വൃത്തിയാക്കുകയുമാണ് ഇവ വ്യാപിക്കാതിരിക്കാനുള്ള മാർഗം. കരിമുളയ്ക്കലിൽ കെ.പി. റോഡിനു തെക്കുഭാഗത്താണ് ഒച്ചുകളുടെ ശല്യം കൂടുതലുള്ളത്. പെരുവേലിച്ചാൽ പുഞ്ചയിൽനിന്നാണ് പുലിമേൽ ഭാഗത്ത് ഒച്ച് എത്തിയതെന്നു കരുതുന്നു. സന്ധ്യകഴിഞ്ഞ് കൂട്ടമായി പുറത്തിറങ്ങുന്ന ഒച്ചുകൾ കൃഷി വ്യാപകമായി നശിപ്പിക്കുന്നു. പച്ചക്കറികളും ഇടവിളക്കൃഷികളും വാഴകളുമാണ് തിന്നു നശിപ്പിക്കുന്നത്. ഇതുകാരണം ഈഭാഗത്തെ കർഷകരിൽ ഭൂരിഭാഗവും കൃഷി ഉപേക്ഷിച്ചു.
ഇതോടൊപ്പം വീടുകൾക്കുള്ളിലേക്കും കിണറുകളിലേക്കും മതിലുകളിലും ഇവയുടെ ശല്യം കൂടി. കഴിഞ്ഞ നാലുവർഷത്തിലേറെയായി ഒച്ചുകളുടെ ശല്യം തുടരുന്നെങ്കിലും ശാശ്വത പരിഹാരമുണ്ടായിട്ടില്ല.
പകൽ കരിയിലകളുടെ അടിയിലും മറ്റും കഴിയുന്നതിനാൽ ഒച്ചുകളെ കണ്ടെത്താൻ പ്രയാസമാണ്. മഴപെയ്തശേഷം ഭൂമിയിൽ ഉണ്ടാകുന്ന ഈർപ്പത്തിൽ ഒച്ചുകൾ മുട്ടയിട്ടു പെരുകുന്നു. 500 മുതൽ 1,000 വരെ മുട്ടകളാണ് ഒച്ച് ഒരുസമയം ഇടുന്നത്. വളരെയധികം വ്യാപനശേഷിയുള്ള ഇവയ്ക്ക് പ്രതികൂല കാലാവസ്ഥയിൽപ്പോലും മൂന്നു വർഷംവരെ സുരക്ഷിതരായി തോടുകൾക്കുള്ളിൽ കഴിയാൻ സാധിക്കുന്നു. ഒച്ചുകളിൽ മെനിഞ്ചൈറ്റിസ്-എ രോഗത്തിനു കാരണമാകുന്ന പരാദവിരയുള്ളതിനാൽ നശിപ്പിക്കാനായി ശേഖരിക്കുമ്പോൾ സൂക്ഷിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
മൂന്നുവർഷം മുൻപ് തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽനിന്ന് പ്രൊഫ. ആർ. നാരായണന്റെ നേതൃത്വത്തിലുള്ള സംഘം കരിമുളയ്ക്കലെത്തി പരിശോധന നടത്തിയിരുന്നു. ജനപ്രതിനിധികളുടെയും കർഷകരുടെയും യോഗം വിളിച്ചുചേർത്ത് ഒച്ചുകളെ തുരത്താനുള്ള പ്രതിവിധി നിർദേശിച്ചെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.
ഒച്ചുകളെ നശിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ
നനവുള്ളതും ജൈവാംശം കൂടുതലുള്ളതും തണലുള്ളതുമായ സ്ഥലത്താണ് ഒച്ചുകൾ കൂട്ടത്തോടെ ഉണ്ടാകുന്നത്. കുറ്റിച്ചെടികളും കാടുകളും വെട്ടിനശിപ്പിച്ച് സൂര്യപ്രകാശം കടന്നുവരത്തക്ക ക്രമീകരണം ഉണ്ടാക്കുക.
ഒച്ചുകളെ നശിപ്പിക്കുന്നതിനായി ശേഖരിക്കുമ്പോൾ ഗ്ലൗസ് അല്ലെങ്കിൽ മറ്റു സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കണം.
സന്ധ്യ കഴിഞ്ഞാണ് ഒച്ചുകൾ പുറത്തുവരുന്നത്. ഇവയെ ശേഖരിച്ച് ഉപ്പുവെള്ളത്തിലിട്ടോ തുരിശുലായനിയിലിട്ടോ നശിപ്പിക്കാം.
പുകയിലപ്പൊടി, ബ്ലീച്ചിങ് പൗഡർ, ബോറാക്സ് പൗഡർ, തുരിശുപൊടി തുടങ്ങിയവ വിതറിയും ഒച്ചുകളെ അകറ്റാം.
Published: 17 Oct 2026, 02:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented