ചേർത്തല : കയർക്ഷാമത്തിനു പരിഹാരം കാണാനുള്ള നീക്കങ്ങൾക്കു തുടക്കമിട്ട് ആലപ്പുഴ കയർ ക്ലസ്റ്റർ ഡിവലപ്മെന്റ് സൊസൈറ്റി. പ്രതിദിനം മൂന്നര ടൺ വരെ ഉത്പാദനശേഷിയുള്ള ആധുനിക യന്ത്രവത്കൃത യൂണിറ്റ് ചേർത്തലയിൽ തുടങ്ങി. യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 17-ന് ഉച്ചയ്ക്ക് 12-ന് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. പതിനൊന്നാം മൈലിനു സമീപം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെ കെട്ടിടത്തിലാണ് സംസ്ഥാനത്തുതന്നെ ആദ്യമായി കേന്ദ്രീകൃത യന്ത്രവത്കൃത കയർ ഉത്പാദന യൂണിറ്റ്. പ്രതിദിനം എട്ടുമണിക്കൂർ വീതം രണ്ടു ഷിഫ്റ്റുകളിലായി പ്രവർത്തിപ്പിച്ചാൽ 200 കിലോ വരെ കയർ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 20 ആധുനിക യന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 25 തൊഴിലാളികളാണ് ജോലി നോക്കുന്നത്. ആറുമാസത്തിനുള്ളിൽ യന്ത്രങ്ങളുടെ എണ്ണം 30 ആക്കി ഉത്പാദനം അഞ്ചു ടൺ ആക്കുന്നതിനാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. കയറുത്പാദനത്തിനാവശ്യമായ ചകിരിലഭ്യതയിൽ ആശങ്കകളുണ്ട്. ഇതിനായി നിലവിൽ തമിഴ്നാടിനെയാണ് ആശ്രയിക്കുന്നത്. കയറിനെപ്പോലെ ചകിരിയിലും തമിഴ്നാട് വ്യവസായികളാണ് വില നിശ്ചയിക്കുന്നത്. ആവശ്യത്തിനു ചകിരി നൽകുന്നതിലും ഇവർ നിയന്ത്രണങ്ങൾ വരുത്തുന്നുണ്ട്.
കയറിൽ സ്വയംപര്യാപ്തത ലക്ഷ്യം
വർഷത്തിൽ ഒരുലക്ഷം ടൺ കയറാണ് സംസ്ഥാനത്തെ പരമ്പരാഗതമേഖല ഉൾപ്പെടെയുള്ള കയർ വ്യവസായത്തിന് ശരാശരി ആവശ്യം. ഇതിൽ 65,000 ടണ്ണും നിലവിൽ തമിഴ്നാട്ടിൽനിന്നാണ് എത്തുന്നത്. വിലയും വിപണിയും നിശ്ചയിക്കുന്നത് അവർതന്നെ. ഈ ആധിപത്യം സംസ്ഥാനത്തെ കയർമേഖലയ്ക്കു തിരിച്ചടിയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള കർമപദ്ധതിയുടെ തുടക്കമാണ് യന്ത്രവത്കൃത യൂണിറ്റെന്ന് സൊസൈറ്റി സ്വതന്ത്ര ഡയറക്ടർ എം. കുമാരസ്വാമിപിള്ള പറഞ്ഞു. നിലവിലെ പദ്ധതിയിൽ പ്രതിവർഷം 1,500 ടൺ കയർ ഉത്പാദിപ്പിക്കാനാകും.
ചകിരിക്കുവേണംസ്വയംപര്യാപ്തത
കയറിനൊപ്പം ചകിരിക്കായും പദ്ധതികൾ വകുപ്പുതലത്തിൽ നടപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ തൊണ്ടുസംഭരണം ഊർജിതമാക്കി ആധുനിക ചകിരിമില്ലുകൾ സ്ഥാപിച്ചാൽ ഇതിനും പരിഹാരം കാണാനാകും എന്നാണ് വിലയിരുത്തൽ.
ഉദ്ഘാടനം ഇന്ന്
രമേശ് ചെന്നിത്തല യൂണിറ്റ് ഉദ്ഘാടനം ചെയ്യും. പി. പ്രസാദ് എം.എൽ.എ. അധ്യക്ഷനാകും. കയർ വികസന ഡയറക്ടർ ഡോ. കെ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. സൊസൈറ്റി ഡയറക്ടർ എം. കുമാരസ്വാമിപിള്ള പദ്ധതി അവതരിപ്പിക്കും.
Published: 17 Oct 2026, 02:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented