ശബരിമല യാത്ര ഇനി എളുപ്പം

To advertise here,

ആലപ്പുഴ : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ തുറവൂർ-പമ്പ പാത യാഥാർഥ്യമാകുന്നു. വളഞ്ഞും പുളഞ്ഞും കിലോമീറ്ററുകൾ താണ്ടിയുള്ള യാത്ര ഇനി ഓർമ്മ. മാക്കേക്കടവ്‌-നേരേകടവ്‌ പാലം ഞായറാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ഗതാഗതത്തിനായി തുറക്കും. ഇതോടെ വടക്കൻമേഖലയിൽനിന്നുള്ള ശബരിമല തീർഥാടകർക്ക് ഇനി യാത്ര എളുപ്പമാകും.

ദേശീയപാത 66-നെ ശബരിമലയുമായി ബന്ധിപ്പിക്കുന്ന പാത എറണാകുളം, ആലപ്പുഴ ജില്ലക്കാർക്കാണ് ഏറെ പ്രയോജനം. കോട്ടയം ജില്ലക്കാർക്കും എളുപ്പത്തിൽ മെട്രോ നഗരമായ കൊച്ചിയിലെത്താൻ സാധിക്കും. തുറവൂർ-പമ്പ പാതയുടെ ഭാഗമായിരുന്ന തൈക്കാട്ടുശ്ശേരി പാലം പത്തുകൊല്ലം മുൻപ്‌ യാഥാർഥ്യമായിരുന്നു. മാക്കേക്കടവ്‌-നേരേകടവ്‌ പാലം 2017-ൽ പണിതുടങ്ങിയെങ്കിലും അനുബന്ധപാതയ്ക്ക്‌ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകളാണ് നിർമാണം വൈകിപ്പിച്ചത്.

ആലപ്പുഴ, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണു പാലമെങ്കിലും എറണാകുളം ജില്ലയുടെ ഏതാനും ഭാഗങ്ങളിലുള്ളവർക്കും പ്രയോജനമുള്ളതാണ്. ഫലത്തിൽ മൂന്നു ജില്ലകൾ ഒരുപാലത്തിലൂടെ ഒന്നാകും. ദേശീയപാതയിൽ അരൂർ മുതൽ തുറവൂർ വരെയുള്ള ഉയരപ്പാതകൂടി വരുമ്പോൾ എറണാകുളത്തുകാർക്ക് എളുപ്പത്തിൽ തുറവൂർ-പമ്പ പാതയിലെത്താനാകും.

പമ്പയ്ക്ക് എളുപ്പവഴിയായി; പക്ഷേ, ബസ് വേണം

: എറണാകുളത്തുനിന്നു വരുമ്പോൾ ദേശീയപാതയിൽ തുറവൂരിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് തൈക്കാട്ടുശ്ശേരി പാലം, മാക്കേക്കടവ്‌-നേരേകടവ്‌ പാലം, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, പൊൻകുന്നം, എരുമേലി വഴി പമ്പയിലെത്തുന്നതാണ് പാത. ഇതിൽ ദേശീയപാതയിലും തുറവൂർ മുതൽ മാക്കേക്കവല വരെയുമാണ്‌ നിലവിൽ സർവീസുള്ളത്. മാക്കേക്കവല മുതൽ മാക്കേക്കടവ്‌-നേരേകടവ്‌ പാലംവഴി ബസ് സർവീസ് നീട്ടിയെങ്കിൽ മാത്രമേ പാലത്തിന്റെ പ്രയോജനം ലഭിക്കൂ. ഉദ്ഘാടനദിവസം പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം.

റോഡിനു വീതിയില്ല; വലിയ വാഹനങ്ങൾ കടത്തിവിട്ടേക്കില്ല

: നേരേകടവിൽനിന്ന്‌ ഉദയനാപുരത്തേക്കുള്ള റോഡാണ് തുറവൂർ-പമ്പ പാതയ്ക്കു വലിയ വെല്ലുവിളി. പലയിടത്തും റോഡിനു വീതിയില്ല. പോരാത്തതിനു ചെറിയ കലുങ്കുകളുണ്ട്. പാലംനിർമാണത്തിനൊപ്പം റോഡുകളുടെ വീതികൂട്ടാനും കലുങ്കുകൾ പൊളിച്ചുപണിയാനും നടപടിയെടുക്കാത്തതാണു പ്രശ്‌നത്തിനു കാരണം. അതിനാൽ, വലിയ വാഹനങ്ങൾ തുടക്കത്തിൽ കടത്തിവിടാനിടയില്ല. കാർ, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ മാത്രമായിരിക്കും കടത്തിവിടാൻ സാധ്യത. ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തണ്ണീർമുക്കം ബണ്ടുതന്നെ ആശ്രയിക്കേണ്ടിവരും. മാക്കേക്കടവ്‌-നേരേകടവ്‌ പാലം വന്നതിനാൽ വൈക്കം-തവണക്കടവ്‌ ഫെറിയിൽ ജങ്കാർ സർവീസ് നിലച്ചിരുന്നു. പാലം വരുന്നതോടെ ടിപ്പർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ വരവു കുറയുമെന്നു കരുതി ആരും ടെൻഡർ ഏറ്റെടുക്കാൻ തയ്യാറായില്ല. നേരേകടവിൽനിന്ന് ഉദയനാപുരത്തേക്കുള്ള റോഡുപണിയും കലുങ്കുനിർമാണവും തുടങ്ങിയാൽ പാലത്തിൽ ഗതാഗതം തടയേണ്ടിവരും. മറ്റു യാത്രാവഴിയില്ലാത്തതാണു കാരണം.

കടത്തുവള്ളക്കാരൻ മണിയന് അഭിമാനം

: മാക്കേക്കടവ്‌-നേരേകടവ്‌ ഫെറിയിലെ ആദ്യത്തെ കടത്തുവള്ളക്കാരിലൊരാളാണ് 67 വയസ്സുകാരനായ മണപ്പുറം തെക്കേപുളിക്കൽ മണിയൻ. പതിമ്മൂന്നാം വയസ്സിൽ തുടങ്ങിയതാണ് വള്ളവും വെള്ളവുമായുള്ള മൽപ്പിടിത്തം. ഇപ്പോൾ വയസ്സ് 67 ആയി. കടത്തുവള്ളം 2000-ൽ ചങ്ങാടത്തിനു വഴിമാറിയപ്പോൾ മണിയൻ അതിലെ ജീവനക്കാരനായി. ഏറെക്കാലം ചങ്ങാടത്തിൽ ജോലിചെയ്തു. അടുത്തിടെയാണു നിർത്തിയത്. രാത്രി വൈകിയും ഒട്ടേറെയാളുകളെ അക്കരെയിക്കരെ കടത്തിയ മണിയന് ഇപ്പോഴെങ്കിലും പാലം യാഥാർഥ്യമായതിൽ അഭിമാനമേറെ.

പാലത്തിനായി 40 വർഷം മുൻപേ പദ്മലോചനന്റെ മുറവിളി

: മാക്കേക്കടവ്‌-നേരേകടവ്‌ പാലത്തിനായുള്ള മുറവിളി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിനു കുറഞ്ഞത്‌ 40 വർഷത്തെ പഴക്കമുണ്ട്. മണപ്പുറം പടിഞ്ഞാറേ പുളിക്കൽ പദ്മലോചനൻ 25-ാം വയസ്സിൽ തുടങ്ങിയതാണ് പാലത്തിനായുള്ള സമരം. തന്റെ 65-ാം വയസ്സിലെങ്കിലും പാലം വന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. കോട്ടയം ജില്ലയുടെ ഭാഗമായ നേരേകടവിൽ ബാർബർ ഷോപ്പ് നടത്തുകയായിരുന്നു അന്ന് പദ്മലോചനൻ. ജോലികഴിഞ്ഞ്‌ വീട്ടിലെത്താൻ കടത്തുവള്ളമായിരുന്നു ആശ്രയം. പാലത്തിനായി അന്നു മാക്കേക്കടവിൽ പലതവണ സമരം നടന്നു. അതിലെല്ലാം പദ്മലോചനനുമുണ്ടായിരുന്നു.

രാത്രി പണികിട്ടുമെന്ന പേടി അഭിരാജിന് ഇനിയില്ല

​ : ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരിയിൽ ഇലക്‌ട്രീഷ്യനായി ജോലിചെയ്യുകയാണ് അഭിരാജ്. വീട് കോട്ടയം ജില്ലയുടെ ഭാഗമായ വൈക്കം നാനാടത്തും. പലപ്പോഴും ജോലികഴിയുമ്പോൾ വൈകും. മാക്കേക്കടവിലെത്തുമ്പോൾ അവസാന ചങ്ങാടവും പോയിട്ടുണ്ടാകും. പിന്നെ, വീട്ടിലെത്താൻ 35 കിലോമീറ്റിലധികം താണ്ടി തണ്ണീർമുക്കം ബണ്ട് കടക്കണമായിരുന്നു. ഇനി ആ പേടിയില്ലെന്ന് അഭിരാജ് പറയുന്നു. സമയവും ബൈക്കിന്റെ ഇന്ധനച്ചെലവുമുൾപ്പെടെ ഒട്ടേറെ ലാഭമാണ് പാലം നൽകുന്നത്. എത്ര വൈകിയാലും എളുപ്പത്തിൽ വീടുപിടിക്കാമെന്ന ആത്മവിശ്വാസം വേറെ.

ജോഷിയുടെ ആശങ്ക ചെറുതല്ല

: മാക്കേക്കടവ്‌-നേരേകടവ്‌ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞാലും ഗതാഗതം പൂർണതോതിലെത്താൻ ഏറെ സമയമെടുക്കാൻ സാധ്യതയുണ്ടെന്നാണ് പള്ളിപ്പുറം ഒറ്റപ്പുന്ന സ്വദേശി ജോഷിയുടെ ആശങ്ക. നേരേകടവ്‌ മുതൽ ഉദയനാപുരം വരെ വീതിയില്ലാത്ത റോഡും കലുങ്കും പൊളിച്ചുപണിയാനായി ഗതാഗതം തടയേണ്ടിവരും. റോഡിനു സമാന്തരമായി ഒരുവശത്തു തോടും മറുവശത്തു വീടുകളുമാണുള്ളത്. അതിനാൽ ബദൽമാർഗമൊന്നുമില്ല. പാലം വന്നതിന്റെ സന്തോഷമുണ്ടെങ്കിലും ഇതുവഴിയുള്ള യാത്രയുടെ ആശങ്കയിലാണ് ജോഷി.

ശിവകുമാറിന് ഇനി കാത്തുനിൽക്കേണ്ടാ...

: മാക്കേക്കടവിൽനിന്ന്‌ നേരേകടവിലേക്കു പോകാൻ വൈക്കം ടി.വി.പുരം സ്വദേശി ശിവകുമാർ കാത്തുനിന്നത് അരമണിക്കൂർ. അരൂരിലെ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനത്തിൽ ജോലിചെയ്യുന്ന ശിവകുമാറിന് ഇതു പുതിയ സംഭവമല്ല. പാലം വരുന്നതോടെ നേരത്തേ വീട്ടിലെത്താനാകുമെന്നതാണു ശിവകുമാറിന്റെ നേട്ടം. പലപ്പോഴും രാത്രി വൈകിയെത്തുമ്പോൾ അവസാന ജങ്കാറും പോയിട്ടുണ്ടാകും. പിന്നെ, വീടുപിടിക്കാൻ കിലോമീറ്ററുകൾ ബൈക്കിൽ സഞ്ചരിക്കേണ്ട സ്ഥിതിയായിരുന്നു.