തുരുത്തി : പുതുമന ഗണപതിക്ഷേത്രത്തിൽ വിനായക ചതുർഥി ഉത്സവത്തിന് കൊടിയേറി. ബുധനാഴ്ച രാവിലെ മുതൽ ക്ഷേത്രസന്നിധിയിൽ തന്ത്രി പുതുമന മഹേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗണപതിഹോമം, സിദ്ധിവിനായക പൂജ, അഷ്ടാദശ ലക്ഷാർച്ചന എന്നിവ നടത്തി. വൈകീട്ട് പുതുമന മനു നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി. തുടർന്ന് പ്രജീഷ് ലക്ഷ്മിനാരായണ നയിച്ച പഞ്ചവാദ്യം, സാജുദേവ് ഏലൂർ നയിച്ച ഭക്തിഗാനമേളയും നടന്നു.

To advertise here,

വ്യാഴാഴ്ച ഗണപതി യാഗശാലയിൽ വിശേഷ പൂജാകർമ്മങ്ങൾ, ഗണേശ ഗായത്രി ഹോമം, അഷ്ടാ ദശലക്ഷാർച്ചന എന്നിവ നടക്കും. വൈകീട്ട് 5.30-ന് നാമജപത്തോടെ കൂടി സഹസ്രദീപം തെളിയിക്കും. തുടർന്ന് മനീഷ് പാതിരപ്പള്ളിയുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും, സതീഷ് തുരുത്തിയുടെ സംഗീതാർച്ചനയുമുണ്ട്.

ഗണപതി യാഗത്തിന് തുടക്കം

തുരുത്തി : പുതുമന ഗണപതിക്ഷേത്രത്തിലെ ജഗന്മോഹന ഗണപതി യാഗത്തിന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭദ്രദീപം തെളിയിച്ച് തുടക്കംകുറിച്ചു. യജ്ഞാചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി അധ്യക്ഷതവഹിച്ചു. മുൻ മാളികപ്പുറം മേൽശാന്തി പുതുമന മനുനമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. യാഗശാലയിലെ പ്രത്യേക പീഠത്തിൽ ഗംഗാതീർത്ഥം പ്രതിഷ്ഠിച്ചു. ഗംഗ, യമുന, കാവേരി നദികളിൽനിന്നും സ്വീകരിച്ച തീർത്ഥജലം പുണ്യനദികളിലെ മണ്ണും ചേർത്ത് കുഴച്ച് തയ്യാറാക്കുന്ന ഹോമകുണ്ഡത്തിലാണ് ഗണപതിയാഗം നടത്തുന്നത്. ആറുദിവസങ്ങളിലായി അത്യപൂർവമായ ജഗന്മോഹന ഗണപതി യജ്ഞം നടക്കും. അഥർവശീർഷ മഹാഗണപതിഹോമം, ചതുർലക്ഷ മൂലമന്ത്ര ഹോമം, ഗണേശ ഗായത്രിഹോമം എന്നിവ വിവിധ ദിനങ്ങളിലായി നടക്കും. വിനായക ചതുർഥി ദിവസം വിശേഷാൽ പൂജാകർമങ്ങൾ, അലങ്കാരദീപാരാധന, പൂർണ്ണാഹുതി, ഗംഗാകലശം അഭിഷേകം എന്നിവയോടെ ജഗന്മോഹന ഗണപതി യജ്ഞം പൂർത്തിയാകും.