പാലാ : നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്റെ നവീകരണം മാസങ്ങളായി വൈകുന്നത് കായികതാരങ്ങളെയും കായിക സംഘടനകളെയും ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ നവംബറിൽ പഴയ ട്രാക്ക് പൊളിച്ചുമാറ്റി പുതിയ സിന്തറ്റിക് ട്രാക്കിന്റെ നിർമാണം ആരംഭിച്ചെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല.
നിർമാണ പ്രവർത്തനങ്ങളിലെ കാലതാമസം കാരണം ഈ വർഷം ഇവിടെ നടത്താൻ നിശ്ചയിച്ചിരുന്ന നിരവധി കായികമത്സരങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കി. ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, റവന്യൂ ജില്ലാ സ്‌കൂൾ കായികമത്സരങ്ങൾ, വിവിധ സബ് ജില്ലാ മത്സരങ്ങൾ, കായിക സംഘടനകളുടെ മത്സരങ്ങൾ, മഹാത്മാഗാന്ധി സർവകലാശാലയുടെയും മറ്റ് സർവകലാശാലകളുടെയും കായികമത്സരങ്ങൾ എന്നിവ നടത്തുവാൻ സാധിക്കാത്ത സാഹചര്യം.
ജില്ലയിലെ അത്‌ലറ്റിക് താരങ്ങളുടെ പരിശീലനത്തിനും പ്രധാന മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന സ്‌റ്റേഡിയമാണ് പാലായിലേത്. പാലാപോലെ 400 മീറ്റർ ട്രാക്കോടുകൂടിയ മികച്ച പരിശീലന സൗകര്യങ്ങളും ജില്ലയിൽ കുറവാണ്. പ്രധാന മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പും സ്ഥിരമായ പരിശീലനവും തടസ്സപ്പെടുന്നത് കായികതാരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണെന്ന് കായികപരിശീലകനായ തങ്കച്ചൻ മാത്യു പറയുന്നു. സംസ്ഥാന, ദേശീയതല മത്സരങ്ങൾ ലക്ഷ്യമിട്ട് പരിശീലനം നടത്തുന്ന യുവതാരങ്ങൾക്കാണ് ഇത് കൂടുതൽ തിരിച്ചടിയാകുന്നത്. ഈ അധ്യയനവർഷം സ്‌റ്റേഡിയം കായികതാരങ്ങൾക്കായി സജ്ജമാക്കുവാനുള്ള സാധ്യത ഇല്ലാതായിരിക്കുകയാണ്. കായികവകുപ്പിന്റെ നിർദേശപ്രകാരം സംസ്ഥാന ബജറ്റിൽ അനുവദിച്ച ഏഴുകോടി രൂപ വിനിയോഗിച്ചുള്ള നിർമാണപ്രവൃത്തികളാണ് ആരംഭിച്ചത്. കേരള സ്‌പോർട്‌സ് ഫൗണ്ടേഷനാണ് നിർമാണച്ചുമതല. മുമ്പുണ്ടായിരുന്ന സിന്തറ്റിക് പൊളിച്ചുനീക്കിയ ശേഷം ടാറിങ് നടത്തി ആദ്യപാളി കറുത്ത സിന്തറ്റിക് വിരിച്ചു. ഇനി പശതേച്ച് അടുത്തപാളി കറുത്ത സിന്തറ്റിക് പതിപ്പിച്ചതിനുശേഷമാണ് ചുവന്ന സിന്തറ്റിക് പതിപ്പിക്കേണ്ടത്.
Published: 09 Sept 2026, 02:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented