കാഞ്ഞിരപ്പള്ളി : പ്രവർത്തനം 24 മണിക്കൂറുമാണ്, പക്ഷെ സന്ധ്യയായാൽ ഇരുട്ടിലാകുന്ന ഇവിടെ വെളിച്ചം കൈയിൽ കരുതണം. നിരവധി രോഗികളെത്തുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി വളപ്പിലെ സ്ഥിതിയാണിത്. കെട്ടിടങ്ങളിലെ വെളിച്ചമൊഴിച്ചാൽ വഴികളിലും പ്രധാന ആശുപത്രി കവാടത്തിലും വെളിച്ചമില്ല. പോലീസ് എയ്ഡ് പോസ്റ്റിന് സമീപം എത്തിയാൽ ഇടയ്ക്കിടെ തെളിയുന്ന വെളിച്ചം മാത്രം. കൂടുതൽ സമയവും ഇത് തെളിയാതെയാണ് കിടക്കുന്നത്. തുടർന്നുള്ള പുതിയ ആശുപത്രി കെട്ടിടം വരെ വെളിച്ചം നേരിയ തോതിൽ മാത്രമാണുള്ളത്. മെഡിക്കൽ വാർഡ് പരിസരത്ത് അടക്കം രാത്രി മതിയായ വെളിച്ചമില്ല. പ്രസവവാർഡിലേക്കുള്ള വഴികളിലും വെളിച്ചമില്ല. 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആശുപത്രിയിൽ 400-500 ചീട്ടുകൾ വരെ അത്യാഹിതവിഭാഗത്തിൽ മാത്രം ഉണ്ടാകാറുണ്ട്. ഇവയിലേറെയും വരുന്നത് രാത്രിയിലാണ്.

To advertise here,

മുൻപ് മൂന്നുതവണ ആശുപത്രി വളപ്പിൽ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. ഇഴജന്തുക്കളുടെ ശല്യമുള്ള ഇവിടെ രാത്രി വെളിച്ചമില്ലാത്തത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വെളിച്ചത്തിന് ആവശ്യമായ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രകാശിക്കാത്തതാണ് ഇരുട്ടിന് പ്രധാന കാരണം. ജനറൽ ആശുപത്രി കവാടമായ കുന്നുംഭാഗം ടൗണിലെ ഉയരവിളക്ക് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായിട്ടും നവീകരിക്കുവാൻ നടപടിയായിട്ടില്ല. ബസിൽ വന്നിറങ്ങുന്ന രോഗികളടക്കം ഇതുവഴിയാണ് ആശുപത്രിയിലേക്ക് വരുന്നതും പോകുന്നതും. വാഹനങ്ങൾ കയറിപ്പോകുന്ന കവാടത്തിൽ മിനി ഉയരവിളക്ക് സ്ഥാപിച്ചിരിക്കുന്നത് റോഡിൽ കയറിയാണ്. ഇതിനാൽ കാവാടത്തിൽ ആവശ്യത്തിന് പ്രകാശം ലഭിക്കുന്നുമില്ല. ആശുപത്രിയിലെ പാതകളിൽ പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളും പ്രവർത്തിക്കാതെ കിടക്കുന്ന നിലയിലാണ്.

ഇഴജന്തുക്കളുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം തടയുന്നതിന് ആശുപത്രിയിൽ വെളിച്ചം എത്തേണ്ടത് ആവശ്യമാണെന്ന് സുരക്ഷാ ജീവനക്കാരും പറയുന്നു. നിലവിലെ കേടായ ലൈറ്റുകൾ അറ്റകുറ്റപ്പണികൾ നടത്തി പുനഃസ്ഥാപിച്ച് ആശുപത്രി പരിസരത്ത് വെളിച്ചമെത്തിക്കണമെന്നാണ് ആവശ്യമുയരുന്നത്.