നാട്ടുകാരുടെ ദുരിതം മാറുന്നു

To advertise here,

ശാസ്താംകോട്ട : ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടുന്നതിന് കുഴിയെടുത്തതുമൂലം തകർന്നുകിടന്ന, കുന്നത്തൂർ പഞ്ചായത്തിലെ അംബുവിള-ഏഴാംമൈൽ പാതയിൽ ടാർ ചെയ്യുന്ന ജോലികൾക്ക് തുടക്കമായി. ഉല്ലാസ് കോവൂർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗത്തിലെ തീരുമാനത്തിനു പിന്നാലെ ബുധനാഴ്ചതന്നെ നവീകരണം തുടങ്ങി.

ബുധനാഴ്ച അംബുവിളമുതൽ കളീക്കലേഴത്ത്മുക്കുവരെയുള്ള 500 മീറ്റർ ഭാഗമാണ് സഞ്ചാരയോഗ്യമാക്കിയത്. രണ്ടാഴ്ചയ്ക്കകം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്ന് ഉദ്യോഗസ്ഥരും കരാറുകാരും എം.എൽ.എ.യ്ക്ക് നൽകിയ ഉറപ്പ് ഇതോടെ പാലിക്കപ്പെട്ടു. നബാർഡിന്റെ ഫണ്ടുപയോഗിച്ചാണ് നവീകരണ ജോലികൾ നടുത്തുന്നത്.

ഐവർകാല അംബുവിളയിലെ നിർദിഷ്ട കുന്നത്തൂർ-കരുനാഗപ്പള്ളി ജലശുദ്ധീകരണശാലയിൽനിന്ന് മറ്റു സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിന് രണ്ടുവർഷംമുൻപ് പാത ആഴത്തിൽ കുഴിച്ച് പൈപ്പിട്ടശേഷം ടാർ ചെയ്തിരുന്നില്ല. അതോടെ പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയും നിറഞ്ഞ് അഞ്ച് വാർഡുകളിലെ ജനങ്ങൾക്ക് യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നു.

ഈ സാഹചര്യത്തിലാണ് യോഗം ചേർന്ന് പ്രശ്‌നപരിഹാരത്തിന് നീക്കംതുടങ്ങിയത്.