കൊല്ലം : രാമൻകുളങ്ങര കാവനാട് പാതയിൽ റോഡും വശങ്ങളും തമ്മിലുള്ള ഉയരവ്യത്യാസം യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. പൈപ്പും കേബിളുകളും സ്ഥാപിക്കാനായി റോഡരികുകൾ പലതവണ കുഴിച്ചതുമൂലം പലയിടത്തും വലിയ കുഴികളാണുള്ളത്.

To advertise here,

ഉയരവ്യത്യാസം കാരണം റോഡിൽനിന്ന് വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വാഹനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും ബുദ്ധിമുട്ടാണ്. പലരും സ്വന്തംനിലയ്ക്ക് മണ്ണുനിരത്തിയാണ് വാഹനങ്ങൾക്കു പോകാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.

രാത്രിയായാൽ ഇവിടെ തെരുവുവിളക്കുകളില്ല. വാഹനങ്ങളുടെയും കടകളിലെയും വെളിച്ചംമാത്രമാണ് യാത്രക്കാർക്ക് ആശ്രയം. റോഡ് പുനരുദ്ധാരണം ചെയ്തപ്പോഴും വശങ്ങളുമായുള്ള ഉയരവ്യത്യാസം ഒഴിവാക്കാനായി ഒന്നുംചെയ്തില്ല.

പാതയോരങ്ങളിലായി സഞ്ചാരയോഗ്യമായ നടപ്പാതയില്ല. പെട്ടെന്ന് ഇതു ശ്രദ്ധയിൽപ്പെടാതെ എതിരേ വരുന്ന വാഹനങ്ങൾക്ക് വശംകൊടുക്കവേ, ചെറിയ വാഹനങ്ങൾ വശത്തേക്കു മറിയാനും സാധ്യതയുണ്ട്. മഴയായാൽ റോഡിലെ വെള്ളമൊഴുകി വശങ്ങളിലെ താഴ്ന്നഭാഗത്ത് വലിയ വെള്ളക്കെട്ടാകും. മേടയിൽമുക്കുമുതലുള്ള ഭാഗത്ത് വലിയ വെള്ളക്കെട്ടാണുള്ളത്.

വെള്ളം ഒഴുകിപ്പോകാൻ ശരിയായ സംവിധാനവുമില്ല. കാലപ്പഴക്കംമൂലം ഓടകൾ ഭൂരിഭാഗവും മണ്ണിനടിയിലായി. യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് വെള്ളക്കെട്ടിലാണ്.