നീലംപേരൂർ : പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരംപടയണിയുടെ ഭാഗമായി ശില്പവടിവിൽ ദേശവാസികൾ ഒരുക്കുന്ന കെട്ടുകാഴ്ചയാണ് നീലംപേരൂർ അന്നം. ചിങ്ങമാസത്തിലെ അവിട്ടംനാൾ മുതൽ പതിനാറുദിവസം നീണ്ടുനിൽക്കുന്ന പ്രകൃത്യുപാസനയാണ് പൂരംപടയണി. വാഴപ്പോളയും താമരയിലയും തെച്ചിപ്പൂവും മരച്ചട്ടങ്ങളിൽ തീർത്ത കൂടുകളിൽ പച്ചീർക്കിലികൊണ്ട് കുത്തിയുടക്കി വിവിധ വലിപ്പത്തിലുള്ള അന്നങ്ങളെ കളത്തിലേക്ക് കെട്ടിയെഴുന്നെള്ളിക്കും.

To advertise here,

ഇലയും ചില്ലയും പൂക്കളുംകൊണ്ട് കല്യാണസൗഗന്ധികം കഥ പതിനാറുദിവസം നീണ്ടുനില്ക്കുന്ന നാടകമായി ഇവിടെ അരങ്ങേറുന്നു. ഒൻപതാം ദിവസംമുതൽ പ്ലാവിലക്കോലങ്ങൾ എത്തുന്നു. പച്ചപ്ലാവില കുത്തിയുടക്കി താപസന്റെ കോലത്തിന് കമുകിൻപാളകൊണ്ട് കണ്ണും മുഖവും ആടയാഭരണങ്ങളും ഉണ്ടാക്കുന്നു. പത്താംദിവസം പ്ലാവിലയിൽ തീർക്കുന്ന ആനയുടെ രൂപം ഗന്ധർവ്വനഗരിയിൽ ഭീമസേനൻ കാണുന്ന ഐരാവതമാണ്. പതിനൊന്നാം ദിവസം കദളീവനത്തിലെത്തുമ്പോൾ കാണുന്ന ഹനുമാനെയാണ് പ്ലാവിലയിൽ ഒരുക്കുന്നത്. പ്ലാവിലനിർത്തെന്ന പന്ത്രണ്ടാം ദിവസം ഭീമസേനന്റെ കോലംതന്നെ പ്ലാവിലയിൽ തീർക്കുന്നു. സൗഗന്ധികപ്പൊയ്കയിൽ തന്റെ പ്രതിബിംബം ഭീമസേനൻ കാണുകയാകാം. പതിമൂന്നാംദിവസം മുതൽ വാഴപ്പോള കളത്തിലെത്തുന്നു. സൗഗന്ധികപ്പൊയ്കയുടെ സംരക്ഷകനായ കാവൽപിശാചാണ് പതിനാലാം ദിവസത്തെ കോലം.

ഭീമസേനൻ സൗഗന്ധികപ്പൊയ്കയിൽ അരയന്നങ്ങളെ കാണുന്നതിനെ ആവിഷ്‌കരിക്കുന്നത് പതിനഞ്ചാംനാളിലെ മകം പടയണിക്കാണ്. രണ്ടു വേലയന്നങ്ങൾ അന്നു കളത്തിലെത്തുന്നു. പതിനാറാംനാളിലാണ് അന്നങ്ങളുടെ വരവുകൊണ്ട് പ്രസിദ്ധമായ പൂരംപടയണി. കെട്ടിയൊരുക്കിയ അന്നങ്ങളെ ചെണ്ടമേളത്തിന്റെ അകമ്പടിയിൽ പടയണിക്കളത്തിലെത്തിക്കും. അവസാനമായാണ് വല്യന്നങ്ങൾ കളത്തിലെത്തുന്നത്. അന്നങ്ങളുടെ നിർമിതിയിൽ വെളുത്തനിറത്തിന് കുലച്ചവാഴയുടെ പോള വെട്ടിച്ചേർത്ത് കുത്തിയുടക്കുന്നു.

അന്നത്തിന്റെയും കോലങ്ങളുടെയും രൂപം പൊതിയുന്നത് താമരയിലകൊണ്ടാണ്. രൂപങ്ങൾ പൊതിയാൻ വഴങ്ങിത്തരുന്ന താമരയില ഈർക്കിലുകൊണ്ട് കുത്തിയുടക്കുമ്പോൾ പൊട്ടുകയോ, കീറുകയോ ചെയ്യില്ല. ചുവപ്പുനിറം ചേർക്കേണ്ടയിടങ്ങൾ തെച്ചിപ്പൂവുകൾ മാലപോലെ കെട്ടിയ പൂച്ചിറമ്പുകാണ്ട് ചുറ്റിയലങ്കരിക്കുന്നു.