മണിമല : അഞ്ച് വില്ലേജുകളിലെ കുടിവെള്ളക്ഷാമ പരിഹാരത്തിനായി 2007-ൽ നിർദേശിക്കപ്പെട്ട് 2010-ൽ നിർമാണമാരംഭിച്ച പദ്ധതി ഇനിയും പൂർത്തിയായില്ല. ജലഅതോറിറ്റി 2020-ൽ പാതിവഴിയിൽ ഉപേക്ഷിച്ച മണിമല മേജർ കുടിവെള്ള പദ്ധതി ജൽജീവൻ ഏറ്റെടുത്തിട്ടും രക്ഷപ്പെട്ടില്ല.

To advertise here,

ചെറുവള്ളി കറുത്തമഞ്ഞാടിയിലെ ടാങ്കിൽ മാത്രമാണ് ആദ്യം വെള്ളമെത്തിയത്. സെപ്റ്റംബർ 25-നായിരുന്നു അത്. പക്ഷേ, വിതരണക്കുഴലുകൾ തകർന്നതിനാൽ വീടുകളിലേക്ക് വെള്ളം കിട്ടിയില്ല. അഞ്ച് വില്ലേജുകളിലും ഏതാനും ഭാഗത്ത് ആദ്യം വെള്ളമെത്തിയിരുന്നെങ്കിലും ഉയർന്ന പ്രദേശങ്ങളുടെ കാത്തിരിപ്പ് തുടരുന്നു.

100 കോടി മുടക്കി ജൽജീവൻ നടപ്പാക്കാൻ ആരംഭിച്ചപ്പോൾ നാലുവർഷം മുമ്പ് പദ്ധതി പ്രദേശത്ത് ശുദ്ധീകരണശാലയ്ക്കു‌സമീപം പൊക്കംകൂടിയ ടാങ്ക് നിർമാണം ആരംഭിച്ചു. ജലസംഭരണി പൂർത്തിയായി ഒരുവർഷം കഴിഞ്ഞിട്ടും ശുദ്ധീകരിച്ച വെള്ളം സംഭരണിയിൽ വന്നില്ല.

ജൽജീവൻ ഏറ്റെടുത്തശേഷം വിതരണക്കുഴലുകളും ടാപ്പുകളും സ്ഥാപിച്ചെങ്കിലും പദ്ധതിയുടെ പ്രധാന കേന്ദ്രമായ കുളത്തുങ്കൽനിന്ന്‌ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള കോട്ടപ്പടി, കുറ്റിക്കാട്ടുവളവ്, കടയനിക്കാട്, ഏഴാംമൈൽ പ്രദേശങ്ങളിൽപോലും വെള്ളം വരുന്നില്ല. ആറുവർഷം മുമ്പ് ടാപ്പ് സ്ഥാപിച്ചിട്ടും ഇതുവരെ വെള്ളമെത്താത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.