ഞീഴൂർ : വാടകക്കെട്ടിടത്തിൽനിന്ന് മോചിതമായി പുതിയ മന്ദിരത്തിലേക്ക് എത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു ഞീഴൂർ ഐ.എച്ച്.ആർ.ഡി. കോളേജിലെ അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും. അടച്ചുറപ്പുള്ള വൃത്തിയുള്ള ക്ലാസ്‌മുറികൾ, ശാന്തമായ അന്തരീക്ഷം, സുന്ദരമായ കാമ്പസ്. പക്ഷേ, കോളേജിലെത്തിയവർ അമ്പരന്നു. ശാന്തസുന്ദരമായ കാമ്പസിലേക്ക് എത്തിച്ചേരാൻ നല്ലൊരു വഴിയില്ല.
2018-ൽ കോളേജ് ഉദ്ഘാടനസമയത്ത് അധികൃതർ നൽകിയ വാഗ്ദാനമാണ് ഇപ്പോഴും പാഴ്‌വാക്കായി ശേഷിക്കുന്നത്. കാമ്പസിനുമുൻപിലൂടെ പോകുന്ന വഴി 300 മീറ്റർകൂടി സഞ്ചാരയോഗ്യമാക്കിയാൽ തൊണ്ടാംകുഴി-ചെറുവരപ്പ് വഴിയിലേക്ക് കൂട്ടിമുട്ടിച്ച് പൊതുഗതാഗതം ഉറപ്പാക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ആ വഴി ഇപ്പോഴും അപൂർണമായി തുടരുന്നു.
അരുണാശ്ശേരിയിൽനിന്ന് വരുന്നവഴി തിരുവമ്പാടിയിൽനിന്ന് കോളേജിലേക്കുള്ള വഴി കുണ്ടും കുഴിയും കഠിനമായ കയറ്റവും നിറഞ്ഞ് വിദ്യാർഥികൾക്ക് എത്താൻപോലും കഴിയാത്ത ദുർഘടാവസ്ഥയിലാണ്.
ഞീഴൂർ പഞ്ചായത്തിന്റെ കൈവശമുണ്ടായിരുന്ന, പത്തേക്കറിലധികം വരുന്ന, ഐതിഹ്യങ്ങളുടെ ഈറ്റില്ലമായ ഭൂതപാണ്ടൻ ചിറ എന്ന ജലസ്രോതസ്സിന്റെ പകുതിയോളം മണ്ണിട്ടുനികത്തിയാണ് കാമ്പസ് ഒരുക്കിയത്. ഒരുകാലത്ത് വേനൽവറുതിയിൽ ദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ കുളിക്കാനും നനയ്ക്കാനും ഉപയോഗിച്ചിരുന്ന ചിറയാണിത്. ബാക്കി സ്ഥലം ഇപ്പോഴും കോളേജിനുപിന്നിൽ വെള്ളം കെട്ടിനിൽക്കുകയാണ്.
ഭൂതപാണ്ടൻ ചിറ നികത്തി കോളേജ് വന്നപ്പോൾ പരിസരവാസികളും ഏറെ സന്തോഷിച്ചിരുന്നു. കോളേജ് വന്നത് നാടിന്റെ വികസനമാണെന്നും, തങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നും അവർ കരുതി. എന്നാൽ, അതെല്ലാം പകൽക്കിനാവായി. കോളേജിലേക്ക് കുട്ടികൾക്ക് എത്താൻ ആകെയുള്ള മാർഗം കോളേജ് ബസ് മാത്രമാണ്. എവിടെനിന്ന് വരുന്നവരാണെങ്കിലും, കടുത്തുരുത്തിയിൽ എത്തിയാൽമാത്രമേ ബസിൽ കയറാനാകൂ. കൃത്യസമയത്ത് എത്താൻ കഴിഞ്ഞില്ലെങ്കിൽ കടുത്തുരുത്തിയിൽനിന്ന് ഓട്ടോറിക്ഷ വിളിക്കേണ്ട ഗതികേടിലാണ് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും. അതും പണനഷ്ടത്തിന് ഇടയാക്കുന്നു.
Published: 07 Oct 2026, 02:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented