പാലാ ജനറൽ ആശുപത്രി റോഡിന്റെ നവീകരണം വൈകുന്നു

To advertise here,

പാലാ : പാലാ ജനറൽ ആശുപത്രി റോഡിന്റെ നവീകരണം വൈകുന്നത് ഇവിടെയെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുന്നു. നിലവിൽ റോഡിന്റെ നിശ്ചിതഭാഗം മാത്രമാണ് നവീകരിക്കുന്നത്. ജനറൽ ആശുപത്രി ജങ്ഷനിൽനിന്ന് പുതിയ ഒ.പി.വിഭാഗം വരെ 150 മീറ്റർ നീളത്തിലാണ് നവീകരണം.

ആശുപത്രിക്കെട്ടിടത്തിന്റെ മുൻഭാഗത്തുളള കോൺക്രീറ്റ് സംരക്ഷണഭിത്തിയും മറുഭാഗത്ത് കൽക്കെട്ട് തീർത്തുള്ള സംരക്ഷണഭിത്തി നിർമാണവും ഏതാണ്ട് പൂർത്തിയായി. റോഡിന്റെ മറ്റുപണികളാണ് വൈകുന്നത്. നിലവിൽ റോഡ് മൺറോഡായി തുടരുകയാണ്. രോഗികളുമായി വാഹനങ്ങൾക്ക് പ്രധാന റോഡിൽനിന്ന് ഒ.പി. വിഭാഗത്തിലേക്ക് എത്തിച്ചേരുന്നത് ഏറെ ദുരിതം നേരിട്ട്. പാലാ ബൈപ്പാസിൽ പുത്തൻപള്ളിക്കുന്ന് ഭാഗത്തുനിന്ന് ളാലം പള്ളിയുടെ സമീപത്തുകൂടി ഒ.പി. വിഭാഗത്തിലേക്ക് എത്താമെങ്കിലും ഇടുങ്ങിയ റോഡായതിനാൽ വാഹനങ്ങൾ വരാൻ ദുഷ്‌കരമാണ്.

മിക്കപ്പോഴും ഈ ഭാഗത്ത് ഗതാഗതക്കുരുക്കും പതിവാണ്. അതിനാൽ ഏറിയഭാഗവും വാഹനങ്ങൾ പ്രധാന റോഡിൽനിന്ന് മൺറോഡിലൂടെയാണ് ആശുപത്രിയിലെത്തുന്നത്.

റോഡിനൊപ്പം ടൗണിലേക്കുള്ള ഓട നിർമാണവും തുടങ്ങിയിരുന്നു. ജല അതോറിറ്റിയുടെ ടാങ്കിൽനിന്നുള്ള മലിനജലം ഇതിലൂടെ തിരിച്ചുവിട്ട് പ്രധാന റോഡിലുള്ള ഓടയിലുടെ ഒഴുക്കികളയാനാണ് പദ്ധതി. രണ്ട്‌ നിർമാണവും വേഗം നടക്കേണ്ടത് പാലാ നഗരത്തിന് അനിവാര്യമാണ്.

അതേസമയം ജനറലാശുപത്രി റോഡിന്റെ അവശേഷിക്കുന്ന ഭാഗത്തും വീതികൂട്ടി നവീകരിക്കുന്നതിന് തുക അനുവദിക്കണമെന്ന് ആവശ്യവുമായി വിവിധ സംഘടനകളും രാഷ്ട്രീയപാർട്ടികളും രംഗത്തെത്തിയിരുന്നു.