പുനലൂർ :ഏതാനും ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കല്ലടയാറ്റിലും കിഴക്കൻമേഖലയിലെ തോടുകളിലുമുൾെപ്പടെ വെള്ളമുയർന്നു. പുനലൂരിൽ ടി.ബി.ജങ്ഷനിൽ ധാരാളംപേർ കുളിക്കാനെത്തുന്ന കല്ലടയാറ്റിലെ സ്നാനഘട്ടത്തിലും ജലനിരപ്പുയർന്നു. മഴ തുടർന്നാൽ വരുംദിവസങ്ങളിൽ ജലനിരപ്പുയർന്നേക്കും.
കല്ലടയാറ്റിൽ പുനലൂരിനടുത്ത് നെല്ലിപ്പള്ളിയിൽ അരമീറ്ററോളം ഉയർന്ന് 15.51 മീറ്ററും പത്തനാപുരം പട്ടാഴിയിൽ 2.77 മീറ്ററുമാണ് ബുധനാഴ്ച കേന്ദ്ര ജല കമ്മിഷൻ രേഖപ്പെടുത്തിയ ജലനിരപ്പ്. പുനലൂരിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുമ്പോൾ പട്ടാഴിയിൽ ജലനിരപ്പ് കുറയുന്നുണ്ട്.
കിഴക്കൻമേഖലയിൽ കഴിഞ്ഞദിവസങ്ങളിൽ ഏറ്റവുമധികം മഴ ലഭിച്ചത് ചൊവ്വാഴ്ചയായിരുന്നു. 53.6 മില്ലീമീറ്റർ മഴയാണ് പുനലൂരിലെ മാപിനിയിൽ രേഖപ്പെടുത്തിയത്. മുൻദിവസങ്ങളിൽ ഇതു ശരാശരി 30 മില്ലീമീറ്ററായിരുന്നു. കനത്ത മഴ പെയ്തതോടെ പുനലൂരിലെ പ്രധാന നീരുറവകളായ കലയനാട് തോട്, വെട്ടിപ്പുഴ തോട്, ചെമ്മന്തൂർ തോട് തുടങ്ങിയവയിലെല്ലാം വെള്ളമുയർന്നു.
ആറ്റിൽ വെള്ളം കലങ്ങിമറിഞ്ഞൊഴുകുന്നത് പ്രധാന ജലവിതരണപദ്ധതികളെ ബാധിക്കുന്നുണ്ട്. കൊല്ലം കോർപ്പറേഷനും പുനലൂർ നഗരസഭയുമുൾെപ്പടെ ജില്ലയിലെ 15 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വെള്ളമെത്തിക്കുന്ന ജപ്പാൻ പദ്ധതി(മീനാട്)യുടെ പുനലൂരിലെ പമ്പ്‌ഹൗസിലെ രണ്ടു പമ്പുകളിൽ ഒരെണ്ണംമാത്രമേ ഇപ്പോൾ പ്രവർത്തിപ്പിക്കുള്ളൂ. ഇതു മൊത്തത്തിൽ ജലവിതരണത്തെ ബാധിക്കുന്നുണ്ട്. വെള്ളം തെളിഞ്ഞാൽമാത്രമേ ഒരു പമ്പുകൂടി പ്രവർത്തിപ്പിച്ച് ജലവിതരണം പൂർണതോതിലാക്കാനാകൂ.
ആറ്റിൽ വെള്ളമുയരുന്നത് തീരവാസികളിൽ ആശങ്കയുണ്ടാക്കുന്നു.
പുനലൂരിലെ സ്‌നാനഘട്ടത്തിൽ ഇപ്പോൾ പഴയപോലെ ആളുകൾ കുളിക്കാനെത്തുന്നില്ല. സ്നാനഘട്ടത്തിൽ സുരക്ഷാവേലിയടക്കം നിർമിക്കുന്നതിനുള്ള പ്രഖ്യാപനം വന്നിട്ട് അഞ്ചുവർഷം പിന്നിട്ടെങ്കിലും ഇതിനുള്ള നടപടി ആരംഭിച്ചിട്ടില്ല.
Published: 08 Oct 2026, 01:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented