കറുകച്ചാൽ : പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായ നാടിനെ വിറപ്പിച്ചത് മണിക്കൂറുകൾ. ഇതിനിടയിൽ മൂന്ന് പശുക്കളെയും ഒട്ടേറെ നായകളെയും കടിച്ചു. കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങിയ നായയെ ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ നെടുംകുന്നം തൊട്ടിക്കലിൽനിന്ന്‌ പിടിച്ച് കൂട്ടിലാക്കി. നായയുടെ കടിയേറ്റ പശുക്കൾക്കും വളർത്തുനായകൾക്കും മൃഗസംരക്ഷണവകുപ്പ് അധികൃതരെത്തി കുത്തിവെപ്പ് നൽകി. കറുകച്ചാലിലെ തെരുവുനായകൾക്കും കടിയേറ്റതിനാൽ സൂക്ഷിക്കണമെന്ന് പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും നിർദേശം നൽകി. അഞ്ചുമണിക്കൂറോളമാണ് തെരുവുനായ ആളുകളെ ഭീതിയിലാഴ്ത്തിയത്. എത്ര നായകൾക്ക് കടിയേറ്റെന്ന കാര്യം വ്യക്തമല്ല. നായയെ കൂട്ടിലാക്കി നെടുംകുന്നത്ത് തന്നെ പാർപ്പിച്ചിരിക്കുകയാണ്.

To advertise here,

ആശങ്കയുടെ മണിക്കൂറുകൾ

സമയം രാവിലെ 9.30

എൻ.എസ്.എസ്.ജങ്ഷൻ ഭാഗത്താണ് കുരച്ചുകൊണ്ട് ആളുകൾക്ക് നേരേ പാഞ്ഞടുക്കുന്ന നായയെ ആദ്യം കണ്ടത്. ഇവിടെ വെച്ച് മറ്റ് തെരുവുനായകളെ കടിച്ചു. ശബ്ദംകേട്ട് ആളുകൾ ഓടിച്ചതോടെ വാഴൂർ റോഡിലൂടെ കറുകച്ചാലിലെത്തി.

സമയം 10.30

കറുകച്ചാലിലെത്തിയ നായ കവലയിൽ ചുറ്റിത്തിരിഞ്ഞു. റോഡരികിൽ കണ്ട മറ്റ് നായകളെ ഓടിച്ചിട്ട് കടിച്ചു. യാത്രക്കാർക്ക് നേരേയും ആക്രമണശ്രമമുണ്ടായി. ഇവിടെ നിന്നുംഓടി ബംഗ്ലാംകുന്ന് റോഡിലേക്ക്, വീണ്ടും ടൗണിലെത്തി. ഇതോടെ പേവിഷബാധയുള്ള നായ നഗരത്തിലെത്തിയന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പടർന്നു. ആളുകൾ ഓടിച്ചതോടെ പിന്നീട് ദീർഘനേരം കാണാതായി. പോലീസിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.

സമയം 11.30

മണിമല റോഡിൽ നായയെ കണ്ടെത്തി. ആളുകൾക്ക് നേരേയും വാഹനങ്ങൾക്ക് പിന്നാലെയും കുരച്ചുകൊണ്ടോടി. ആളുകൾ ബഹളംവെച്ചതോടെ നായ ഭയന്ന് നെടുംകുന്നം ഭാഗത്തേക്ക് ഓടി. നഗരത്തിലുടനീളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സമയം 12.45

നെരിയാനിപൊയ്ക ഭാഗത്ത് നായ എത്തി. ഇവിടെനിന്നും തൊട്ടിക്കൽ പ്രദേശത്തേക്ക് ഓടി. പടിഞ്ഞാറേപ്രക്കാട്ടുമന്നം ഷൈനി ഷിബുവിന്റെ മൂന്ന് പശുക്കളെ നായ കടിച്ചു. ഇവർ ഓടിയെത്തിയതോടെ നായ രക്ഷപ്പെട്ടു. ശേഷം സമീപത്തെ മൂന്ന് വളർത്തുനായളെയും കടിച്ചു. പിന്നീട് കാണാതായി. ആളുകൾ വിവരമറിയിച്ചതോടെ ഡോഗ്‌ ക്യാച്ചർ ഏറ്റുമാനൂർ ജയകുമാറും സംഘവും സ്ഥലത്തെത്തി.

സമയം 1.45

നാട്ടുകാരും ജനപ്രതിനിധികളും തൊട്ടിക്കൽ യുവധാരാ ക്ലബ് അംഗങ്ങളും ചേർന്ന് നടത്തിയ തിരച്ചിലിൽ നായയെ അവശനിലയിൽ ഒരു വീടിന് സമീപത്തുനിന്ന്‌ കണ്ടെത്തി.

കുരച്ചുകൊണ്ട് ചാടിയ നായയെ ജയകുമാർ വലയിട്ട് പിടിച്ച് നെടുംകുന്നത്ത് കൂട്ടിലാക്കി. നായയുടെ സ്രവം പരിശോധിച്ചാൽ മാത്രമേ പേ വിഷബാധ ഉണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാൻ കഴിയൂ.