കോട്ടയം: പാമ്പാടി ദേശത്തെ കണ്ണീരിലാഴ്ത്തി ആ കൂട്ടുകാരികൾ നിത്യതയിലേക്ക്. പ്രിയ മക്കളുടെ വേർപാടിൽ വിതുമ്പുന്ന രണ്ട് കുടുംബങ്ങളുടെ തീരാനൊമ്പരം നാടൊന്നടങ്കം ഹൃദയത്തിലേറ്റുവാങ്ങി. കൃപ മെറിൻ കുര്യാക്കോസും ആഷ്ലി ആൻ തോമസുമാണ് ബുധനാഴ്ച സ്കൂട്ടർ യാത്രയ്ക്കിടെ അപകടത്തിൽ ബസിനടിയിൽപ്പെട്ട് മരിച്ചത്.
വീട്ടുകാരെ ആശ്ചര്യപ്പെടുത്തി ഓസ്ട്രേലിയയിൽനിന്ന് ദിവസങ്ങൾക്കുമുമ്പുള്ള അപ്രതീക്ഷിത വരവിൽ കൃപ വേണ്ടപ്പെട്ടവരെ അമ്പരപ്പിച്ചിരുന്നു. അതിന്റെ സന്തോഷം വിട്ടുമാറുംമുമ്പ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീർക്കടലിലാക്കി വ്യാഴാഴ്ച കൃപ ചേതനയറ്റ് വീണ്ടുമെത്തി.
അവസാനവരവിൽ പ്രിയമകളെ ഒരുനോക്കുകാണാൻ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒഴുകിയെത്തി. സങ്കടക്കടലായി മാറിയ പാമ്പാടി കടവുംഭാഗം വീട്ടുമുറ്റത്തും ബ്ലോസംവാലി സെന്ററിലും ഒരിക്കലും മായാത്ത ഓർമ്മകൾ ബാക്കിവെച്ച കൃപ മെറിൻ കുര്യാക്കോസിന് (24) കണ്ണീരിന്റെയും പ്രാർത്ഥനയുടെയും അകമ്പടിയോടെ വിടചൊല്ലി.
‘ഇമ്പങ്ങളുടെ പറുദീസയിൽ കർത്താവ് ഇവളെ വസിപ്പിക്കുമാറാകട്ടെ, നിത്യശാന്തിയും നിത്യവിശ്രമവും നൽകി സ്വർഗീയ സന്നിധിയിൽ ഇവളെ ചേർത്തുകൊള്ളട്ടെ’യെന്ന് ആശീർവദിച്ച് കടവുംഭാഗം സെയ്ന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ ശ്രേഷ്ഠപുരോഹിതർ സംസ്കാര ശുശ്രൂഷ അവസാനിപ്പിക്കുമ്പോൾ മകളുടെ ചിത്രവും നെഞ്ചോടു ചേർത്തുപിടിച്ചുനിന്ന ഫാ. കുര്യാക്കോസ് കടവുംഭാഗം കണ്ടുനിന്നവരുടെ ഹൃദയത്തിലും തീരാനൊമ്പരമായി.
കോട്ടയം-കുമളി ദേശീയപാതയിൽ ബുധനാഴ്ച രാവിലെയാണ് സ്കൂട്ടർ നിയന്ത്രണംവിട്ട് സ്വകാര്യ ബസിനടിയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പാമ്പാടി കടവുംഭാഗം ഫാ. കുര്യാക്കോസ് കടവുംഭാഗത്തിന്റെ മകൾ കൃപ മെറിൻ കുര്യാക്കോസും ഉറ്റ സുഹൃത്തായ മീനടം വട്ടക്കാവുങ്കൽ വി.വി. തോമസിന്റെ മകൾ ആഷ്ലി ആൻ തോമസും (25) മരിച്ചത്.
പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച രാവിലെയാണ് കൃപയുടെ മൃതദേഹം വീട്ടിലെത്തിച്ചത്.
യാക്കോബായ- ഓർത്തഡോക്സ് സഭകളിലെ മെത്രാപ്പോലീത്താമാരും ഒട്ടേറെ വൈദികരുമടക്കം വൻ ജനാവലി സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു. രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനായി ബ്ലോസംവാലി സെന്ററിലേയ്ക്ക് മാറ്റി. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവാ, സഭാ സെക്രട്ടറി തമ്പു ജോർജ് തുകലൻ, വിവിധ മെത്രാപ്പോലീത്താമാർ തുടങ്ങിയവരും ആദരാഞ്ജലി അർപ്പിച്ചു.
ആഷ്ലിയുടെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം മീനടം സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.
Published: 23 Oct 2026, 03:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented