കോട്ടയം : ‘പാളത്തിന് ഇരുപുറവും നൂറുകണക്കിന് മനുഷ്യർ കാത്തുനിന്നിരുന്നു. പലരും ആദ്യമായി ഇൗ വണ്ടി കാണുകയാണ്. തീ തുപ്പി പുക പറത്തി ഒാടിക്കൊണ്ടിരിക്കുന്ന വണ്ടിയെ തീവണ്ടി എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്ന് എല്ലാവർക്കും മനസ്സിലായി. ഏറ്റുമാനൂരിൽ നിർത്തിയിട്ട വണ്ടിയിൽ കുറേപ്പേർ കയറി. കോട്ടയം വരെ ഒരു യാത്ര. പൂക്കൾ വിതറിയും ആവേശം ചൂളംവിളിച്ചും അതൊരു മറക്കാൻ കഴിയാത്ത യാത്രയായിരുന്നു. വണ്ടിയിൽ ശാസ്ത്രിജി ജനങ്ങളെ അഭിവാദ്യം ചെയ്തു.’
മാതൃഭൂമി ലേഖകനായിരുന്ന കാണക്കാരി രവി വർഷങ്ങൾക്കുശേഷം ഒാർമ്മകൾ എഴുതിയത് ഇങ്ങനെയാണ്. അന്ന് കുട്ടിയായിരുന്ന രവിയും കൂട്ടുകാരും ആദ്യവണ്ടിയിൽ ഏറ്റുമാനൂരിൽനിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്തിരുന്നു. ആ യാത്രയ്ക്ക് 70 വയസ്സായി. 1956 ഒക്ടോബർ 17-നായിരുന്നു കോട്ടയം-എറണാകുളം പാളമൊരുക്കിയ ശേഷം ആദ്യ തീവണ്ടിയാത്ര നടന്നത്. അന്ന് റെയിൽവേ മന്ത്രിയായിരുന്നു പിന്നീട് പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രി.
ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാറിൽ റെയിൽവേ പാളം പണിതെങ്കിലും കോട്ടയം സ്വദേശികൾക്ക് തീവണ്ടി അപ്പോഴും അന്യമായിരുന്നു. അക്ഷരവഴിയിൽ പുരോഗമിച്ച നഗരത്തിന് ശരിക്കുമൊരു സമ്മാനമായി പാളവും വണ്ടികളും. 55 കിലോമീറ്റർ പാതയിൽ ആഡംബരം കോട്ടയം റെയിൽവേ സ്റ്റേഷനായിരുന്നു. അന്നേ മൂന്ന് പ്ലാറ്റ് ഫോം പണിതിരുന്നു. 2.75 കോടി രൂപയായിരുന്നു ചെലവ്. ബ്രോഡ് ഗേജിലേക്ക് മാറാൻ പിന്നെയും കോട്ടയം കാത്തിരുന്നു. 1975-ലാണ് അത് സഫലമായത്. അപ്പോഴും ഒറ്റപ്പാതയായിരുന്നു ഇത്. ഒരു വണ്ടി കടന്ന് പോകാൻ സ്റ്റേഷനുകളിൽ മറ്റ് വണ്ടികൾ പിടിച്ചിട്ടിരുന്നത് അവസാനിച്ചത് 2022 ഇരട്ടപ്പാത ഉദ്ഘാടനം ചെയ്തതോടെയാണ്.
തുരങ്കത്തിനും 70 വയസ്സ്
:1957-ൽ പാത കൊല്ലത്തേക്ക് നീട്ടിയപ്പോഴാണ് കോട്ടയത്ത് വണ്ടി കടന്നുപോകാൻ തുരങ്കം പണിതത്. മലതുരക്കാൻ ഇന്നത്തെപ്പോലെ യന്ത്രസൗകര്യങ്ങൾ പരിമിതമായിരുന്ന അക്കാലത്ത് എൻജിനിയറിങ് വിസ്മയമായിരുന്നു തുരങ്കം പണി. 2022-ൽ ഇരട്ടപ്പാത വന്നപ്പോഴാണ് തുരങ്കം അടച്ചത്. ഇത് ഇപ്പോഴും റെയിൽവേ നിലനിർത്തിയിട്ടുണ്ട്.
പുതിയകാലത്ത് വേണ്ടതെന്ത്
ടെർമിനൽ സ്റ്റേഷൻ പദവി. കോട്ടയത്തുനിന്ന് ദീർഘദൂര വണ്ടികൾ പുറപ്പെടണം എന്ന ആഗ്രഹം ഇപ്പോഴും ബാക്കി. വെള്ളം നിറയ്ക്കാനും മറ്റ് വണ്ടികളുടെ യാത്രയ്ക്ക് തടസ്സം ഇല്ലാതെ ഒരു വണ്ടിക്ക് കാത്തുകിടക്കാനും സൗകര്യം വേണം.
എറണാകുളം-കോട്ടയം യാത്ര ഇപ്പോഴും എളുപ്പമല്ല. കൃത്യമായ ഇടവേളകളിൽ പാസഞ്ചർ വണ്ടികൾ വേണം.
മെട്രോ വരുമോ
: കൊച്ചിൻ മെട്രോ നിലവിൽ തൃപ്പൂണിത്തുറവരെയുണ്ട്. ഇത് കോട്ടയം ജില്ലയിൽ എവിടെ വരെ നീട്ടാം എന്നത് വലിയ ആകാംക്ഷയുള്ള ചോദ്യമാണ്. മെട്രോ കോട്ടയംവരെ വന്നാൽ എറണാകുളം യാത്ര സുഗമമാകും. അതിനുള്ള കാര്യമായ ശ്രമം നടക്കുന്നില്ല
Published: 30 Oct 2026, 02:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented