മാവേലിക്കര : ജില്ല ആശുപത്രിയിൽ വാഹനങ്ങളിലെത്തുന്നവർ പാർക്കിങ്ങിന് വേണ്ടത്ര സൗകര്യമില്ലാതെ വലയുന്നു. ആശുപത്രിയുടെ കിഴക്കേ കവാടത്തിനരികിലും ദന്തചികിത്സാ ബ്ലോക്കിനു പടിഞ്ഞാറുമാണ് നിലവിൽ വാഹന പാർക്കിങ്ങിന് സൗകര്യമുള്ളത്. കിഴക്കേ കവാടത്തിനരികിൽ ഇരുപതോളം വാഹനങ്ങളും ദന്തചികിത്സാ ബ്ലോക്കിനടുത്ത് പത്തിൽത്താഴെ വാഹനങ്ങളും നിർത്തിയിടാനുള്ള പരിമിതസൗകര്യം മാത്രമാണുള്ളത്.

To advertise here,

നിലവിൽ ഇരുനൂറോളം കിടക്കകളുള്ള ജില്ല ആശുപത്രിയിലെ കിടത്തിച്ചികിത്സാ വിഭാഗത്തിൽ മിക്കപ്പോഴും കിടക്കകൾ ഒഴിവില്ലാതെ രോഗികൾ ഉണ്ടാകാറുണ്ട്. ഒ.പി.വിഭാഗത്തിൽ പ്രതിദിനം ആയിരത്തിനടുത്ത് രോഗികൾ എത്താറുണ്ട്. സ്‌പെഷ്യാലിറ്റി ഒ.പി.യുള്ള ദിവസങ്ങളിൽ വൻതിരക്കാണ് ഒ.പി.യിൽ അനുഭവപ്പെടുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളിൽ പത്തിലൊന്ന് സ്വകാര്യവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും എത്തുന്നതായി കണക്കാക്കിയാൽത്തന്നെ വാഹനപാർക്കിങ് സൗകര്യത്തിന്റെ അപര്യാപ്തത വ്യക്തമാകും. ആശുപത്രിയിലെ പഴയ പേവാർഡ് കെട്ടിടം പൊളിച്ചുനീക്കിയതിനാൽ ആ ഭാഗംകൂടി കിഴക്കേ കവാടത്തിനരികിലെ പാർക്കിങ് സ്ഥലമായി ഉപയോഗപ്പെടുത്തുന്നുണ്ട്. പുതിയ പേവാർഡ് കെട്ടിടം നിർമിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് നിലവിലെ പാർക്കിങ് സ്ഥലത്താണ്.

ആശുപത്രിവളപ്പിൽ പാർക്കിങ് സൗകര്യം ലഭിക്കാതെ വരുന്നവർ ജങ്ഷനിൽനിന്ന് ആശുപത്രിയിലേക്കുള്ള റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പലപ്പോഴും ഇവിടെ ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട്. ആശുപത്രി ജങ്ഷനു പടിഞ്ഞാറുവശവും കരയംവട്ടം-വഴുവാടി റോഡരികിലുമാണ് മിക്കവരും വാഹനങ്ങൾ പാർക്കുചെയ്യുന്നത്.

ജില്ല ആശുപത്രിവളപ്പിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനംചെയ്ത ഏഴുനിലക്കെട്ടിടം നടപടിക്രമം പൂർത്തീകരിച്ച് തുറന്നുപ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. വിവിധ വിഭാഗങ്ങൾ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതോടെ പഴയ സർജിക്കൽ വാർഡ് പൊളിച്ചുനീക്കി അവിടെ പാർക്കിങ് സ്ഥലമായി ഉപയോഗിക്കാൻ കഴിയുമെന്ന് ആശുപത്രി അധികൃതർ പറയുന്നു. പഴയ സർജിക്കൽ വാർഡിന്റെ സ്ഥാനത്ത് പുതിയ ബഹുനിലമന്ദിരം നിർമിക്കുമ്പോൾ താഴത്തെ രണ്ടുനിലകൾ മൾട്ടി ലെവൽ പാർക്കിങ്ങിനായി വിനിയോഗിക്കുകയെന്ന നിർദേശവും ഉണ്ട്.