ആലപ്പുഴ : ജനറൽ ആശുപത്രിയിൽ വെള്ളം മുടങ്ങിയതിനെതി​രേ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭയിലേക്കു നടത്തിയ മാർച്ചിൽ ഭരണപക്ഷ കൗൺസിലർമാരുമായി വാക്‌തർക്കം. ആശുപത്രിയിലെ ശൗചാലയങ്ങളിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻപോലും വെള്ളമില്ലാത്തതിൽ നടപടി സ്വീകരിക്കാത്തതിനെതിരേയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇവരുടെ നേതൃത്വത്തിൽ നഗരസഭാധ്യക്ഷ മോളി ജേക്കബിനെ ചേംബറിൽ ഉപരോധിച്ചു. ആശുപത്രി വികസന സമിതി വിളിച്ചുചേർക്കണമെന്ന എൽ.ഡി.എഫ്. ആവശ്യം നഗരസഭാധ്യക്ഷ അംഗീകരിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട ഉപരോധം അവസാനിച്ചത്.

To advertise here,

ഇതിനിടെ ഉപരോധത്തെ ഭരണപക്ഷ കൗൺസിർമാർ ചോദ്യംചെയ്തത് വലിയ വാക്‌തർക്കത്തിനും ഉന്തുംതള്ളിനും കൈയാങ്കളിക്കും ഇടയാക്കി. എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് വി.ജി. വിഷ്ണു, എൽ. മായ, എ. ഷാനവാസ് എന്നിവരും ഭരണപക്ഷത്തെ യു.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് ആർ.ആർ. ജോഷിരാജ്, കൗൺസിലർമാരായ ആർ. അംജിത്കുമാർ, കെ. നൂറുദ്ദീൻകോയ എന്നിവരുമായായിരുന്നു തർക്കം. ഇതിനിടെ മോഷണം നടത്തിയവരെ തനിക്കറിയാമെന്നും പ്രതിപക്ഷം നാടകം നടത്തുകയാണെന്നുമുള്ള മോളി ജേക്കബിന്റെ പരാമർശവും വലിയ ബഹളമുണ്ടാക്കി.

ആശുപത്രിയിൽ മോഷണമുണ്ടായത് ഭരണപക്ഷം ആശുപത്രി ഭരണത്തിൽ കാര്യമായി ഇടപെടാത്തതിനാലാണെന്ന് എൽ.ഡി.എഫ്. കൗൺസിലർമാർ കുറ്റപ്പെടുത്തി. ആശുപത്രി പരിസരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച്‌ ജനങ്ങളുടെയടക്കം സുരക്ഷ ഉറപ്പാക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.

ബുധനാഴ്ച ജനറൽ ആശുപത്രിയിലെ മോട്ടോർ പമ്പിന്റെ ചെമ്പുകമ്പിയും വാൽവും മോഷണം പോയതാണ് കുടിവെള്ളവിതരണം തടസ്സപ്പെടുത്തിയത്. രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമികാവശ്യങ്ങൾപോലും നിറവേറ്റാതെ വലഞ്ഞതിനു പിന്നാലെ ടാങ്കർലോറിയിൽ വെള്ളമെത്തിച്ചാണ് താത്കാലിക പരിഹാരം കണ്ടത്.

ആശുപത്രി വികസന സമിതി ഉടൻ ചേരും

ആശുപത്രിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എം.എൽ.എ.മാരെയും എം.പി.യെയും പങ്കെടുപ്പിച്ച് ശനി, ഞായർ ദിവസങ്ങളിൽ ആശുപത്രി വികസന സമിതി ചേരും. ശുദ്ധജലപ്രശ്നം പരിഹരിച്ചതിനുശേഷമാണ് രാഷ്ട്രീയപ്രേരിതമായി പ്രതിപക്ഷത്തിന്റെ സമരമുണ്ടായത്. മോഷണവിവരം അറിഞ്ഞപ്പോൾത്തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ, ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സാപ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ അടിയന്തര ഇടപെടലുകളും നടത്തി. ജലലഭ്യത ഉറപ്പാക്കുന്നതിനായി ഹെൽത്ത് ഓഫീസറെയും ഒരു ഹെൽത്ത് ഇൻസ്പെക്ടറെയും ചുമതലപ്പെടുത്തിയിരുന്നു.

മോളി ജേക്കബ്

നഗരസഭാധ്യക്ഷ

നഗരസഭാധ്യക്ഷ ആശുപത്രിയിലെത്തിയില്ല

നഗരസഭാധ്യക്ഷ ആശുപത്രിയിലെത്തി വിവരം അന്വേഷിക്കാൻപോലും തയ്യാറായില്ല. എൽ.ഡി.എഫ്. കളക്ടറുമായി ബന്ധപ്പെട്ടതിനാലാണ് കളക്ടർ ഇടപെട്ട് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചത്.

വി.ജി. വിഷ്ണു

എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ